ഈരാറ്റുപേട്ട: ലോക്ക്ഡൗണിൽ ജിംനേഷ്യം അടച്ചു പൂട്ടിയതോടെ ചാരായം വാറ്റ് തുടങ്ങിയ മുൻ മിസ്റ്റർ കോട്ടയം എക്സൈസിന്റെ പിടിയിലായി.
പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി സി.ആർ. സുനിൽ (ജിമ്മൻ സുനി-48) ആണ് അറസ്റ്റിലായത്. സുനിലിനെ ദിവസങ്ങളായി എക്സൈസ് അധികൃതർ നിരീക്ഷിച്ചു വരികയായിരുന്നു.
ലോക്ക് ഡൗണ്‍ സമയത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ചാരായം വാറ്റ് പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
പ്രദേശത്തെ മലയോര മേഖലകളിൽ നിന്നായി ലോക്ഡൗണ്‍ കാലത്ത് നിരവധി വാറ്റ് ചാരായവുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തിയിരുന്നു.
ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള, എക്സൈസ് ഷാഡോ ടീം അംഗങ്ങളായ കെ.വി. വിശാഖ്, നൗഫൽ കരിം, പ്രിവന്റീവ് ഓഫീസർ ഇ.സി. അരുണ്‍ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ടി. അജിമോൻ, പ്രദീഷ് ജോസഫ്, കെ.സി. സുരേന്ദ്രൻ, സി.ജെ. നിയാസ്, ജസ്റ്റിൻ തോമസ്, സുവി ജോസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.