തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം ലോംഗ്ജംപ് താരം എം. ശ്രീശങ്കറിന്.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണു ജേതാവിനെ തെരഞ്ഞെടുത്തത്.
ഡിസംബർ 22ന് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീശങ്കറിന് പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989ലാണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്.
2020ലെ ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുത്ത ശ്രീശങ്കർ 2022ലെ കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയിരുന്നു. 2023ലെ ഏഷ്യൻ ഗെയിംസിൽ വെള്ളിയും പാരിസ് ഡയമണ്ട് ലീഗിൽ വെങ്കലവും ഇന്റർനാഷനൽ ജംപ്സ് മീറ്റിൽ സ്വർണവും കരസ്ഥമാക്കി. 2023ൽ ജി.വി. രാജ അവാർഡ് കരസ്ഥമാക്കിയിരുന്നു.