വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റും നൊബേൽ പുരസ്കാര ജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. 2002ലെ സമാധനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അദ്ദേഹം അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു. അർബുദത്തെ അതിജീവിച്ച കാർട്ടർ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു.
ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. 1976ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ജെറാൾഡ് ഫോർഡിനെ തോൽപ്പിച്ചാണ് കാർട്ടർ വൈറ്റ് ഹൗസിലെത്തിയത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തും ഇസ്രയേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് കാർട്ടറുടെ പ്രധാന ഭരണനേട്ടം.
ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ 2002ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് കാർട്ടറെ അർഹനാക്കി. ഉയർന്ന പണപ്പെരുപ്പം, ഊർജദൗർലഭ്യം എന്നീ പ്രശ്നങ്ങളെ തുടർന്ന് 1980 ലെ തെരഞ്ഞെടുപ്പിൽ റൊണാൾഡ് റീഗനോടു പരാജയപ്പെട്ടു.
എട്ട് അമേരിക്കക്കാർ കൊല്ലപ്പെട്ട ഇറാനിയൻ ബന്ദി പ്രതിസന്ധിയും തിരിച്ചടിയായി. 1978ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു.
ഏറ്റവും കൂടുതൽ കാലം ജീവിച്ച യുഎസ് പ്രസിഡന്റാണു കാർട്ടർ. 2023 ഫെബ്രുവരി പകുതി മുതൽ ജോർജിയയിലെ പ്ലെയിൻസിലെ തന്റെ വസതിയിൽ രോഗാവസ്ഥയെത്തുടർന്നു പരിചരണത്തിലായിരുന്നു. പ്ലെയിൻസിലെ തന്റെ ചർച്ച് ആയ മാറാനാത്ത ബാപ്റ്റിസ്റ്റിലെ സൺഡേ സ്കൂളിൽ തൊണ്ണൂറാം വയസിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.
പീച്ച് സംസ്ഥാനത്തിന്റെ ഗവർണറാകുന്നതിനും അമേരിക്കൻ പ്രസിഡന്റ് ആകുന്നതിനു മുന്പ് അദ്ദേഹം പ്ലെയിൻസിൽ നിലക്കടല ഫാം നടത്തിയിരുന്നു. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ 2023 നവംബർ 19ന് 96-ാം വയസിൽ അന്തരിച്ചു. കാർട്ടർ ദമ്പതികൾക്ക് മൂന്നു ആൺമക്കളും ഒരു മകളുമുണ്ട്.