യൂട്യൂബ് റെക്കോര്‍ഡുകള്‍ പലതും തകര്‍ത്താണ് ഷാന്‍ റഹ്മാന്റെ സംവിധാനത്തില്‍ പിറന്ന ജിമിക്കി കമ്മല്‍ എന്ന് ഗാനം മുന്നേറുന്നത്. അന്തര്‍ദേശീയ തലത്തിലുള്ള മാധ്യമങ്ങള്‍പോലും ജിമ്മിക്കി കമ്മല്‍ ഏറ്റെടുത്ത് കഴിഞ്ഞു. വെളിപാടിന്റെ പുസ്തകം എന്ന ഈ സിനിമയിലൂടെ ഷാന്‍ റഹ്മാന്‍ ലോക പ്രശസ്തനുമായി. ജിമ്മിക്കി കമ്മല്‍ അതിന്റെ പടയോട്ടം നടത്തുന്നതിനിടെയാണ് മറ്റൊരു പാട്ട് സോഷ്യല്‍മീഡിയയില്‍ എത്തിയത്. ജിമിക്ക് കമ്മലിന്റെ ഗുജറാത്തി വെര്‍ഷന്‍. ഇത് കേട്ടപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ വിധിയെഴുതി. മലയാളത്തിലെ ജിമ്മിക്കി കമ്മല്‍ ഷാന്‍ റഹ്മാന്‍ കോപ്പിയടിച്ചതാണെന്ന്. എന്നാല്‍ ഈ പ്രചരണം അതിന്റെ സംവിധായകന്‍ തന്നെ ഇടപെട്ട് പൊളിച്ചു. വിമര്‍ശനങ്ങളും കളിയാക്കലുകളും തുടങ്ങിവച്ച സോഷ്യല്‍മീഡിയയ്ക്ക് പിന്നീട് മുട്ടുമടക്കേണ്ടി വന്നു. കാരണം, സത്യാവസ്ഥ കൃത്യമായ രീതിയില്‍ ഷാന്‍ വെളിപ്പെടുത്തി.
ബിബിസിയും മറ്റും ജിമിക്കി കമ്മല്‍ ഏറ്റെടുത്തപ്പോള്‍ റെഡ് എഫ്എം ഒരു കാര്യം തീരുമാനിച്ചു. എല്ലാ ഭാഷയിലും ഈ ഹിറ്റ് സംഗീതമെത്തിക്കുക. അങ്ങനെ ഗുജറാത്തിയിലേക്ക് ജിമിക്കി കമ്മലിനെ മൊഴിമാറ്റം നടത്തി. ഷാന്‍ റഹ്മാന്റെ ജിമിക്കി കമ്മലിന്റെ റീമിക്‌സ് പുറത്തിറങ്ങി. അത് റെഡ് എഫ്എം സോഷ്യല്‍ മീഡിയയിലും എത്തിച്ചു. ഇതു കേട്ടപാടെ ഷാന്‍ റഹ്മാനെ കോപ്പിയടിക്കാരനായി സോഷ്യല്‍ മീഡിയ മാറ്റുകയായിരുന്നു. ചര്‍ച്ചകള്‍ കൊഴുത്തുതുടങ്ങിയതോടെ റെഡ് എഫ്എം സത്യാവസ്ഥ വിവരിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. എല്ലാ ഭാഷയിലും മൊഴി മാറ്റവും റീമിക്‌സും നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി ചെയ്തതാണ് ഗുജറാത്തി പാട്ടെന്നും അവര്‍ തന്നെ വിശദീകരിച്ചു.
പൊതുവെ താന്‍ ഇത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിക്കാറില്ലെങ്കിലും ലോകശ്രദ്ധയുടെ ഭാഗമായി മാറിയ ഈ പാട്ടിനെതിരെ വന്നിരിക്കുന്ന ഈ പ്രചാരണങ്ങള്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഷാന്‍ റഹ്മാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് തനിക്കെതിരെ പൊങ്ങിവരുന്ന വിവാദങ്ങള്‍ക്കെതിരെ ഷാന്‍ പ്രതികരിച്ചത്. ഷാന്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ഈ ഓണത്തിന് മലയാളികള്‍ കൊണ്ടാടിയ പാട്ടാണ് മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം. യൂട്യൂബിലൂടെ ഇതുവരെ ഈ പാട്ടു കേട്ടവരുടെ എണ്ണം കോടികള്‍ കവിഞ്ഞു. അതിനിടെ ഇന്ത്യയില്‍ നിന്നുള്ള പത്തു ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി ജിമിക്കി കമ്മല്‍. മറ്റു ഭാഷകളിലുള്ളവരും ആവേശത്തോടെയാണ് പാട്ടിനെ സ്വീകരിച്ചിരിക്കുന്നത്. ഈ പാട്ടിന്റെ പല വെര്‍ഷനുകളിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയിയില്‍ സജീവമാണ്.
ഇതിനിടെ കാക്കനാട്ടെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൂടി അണിയിച്ചൊരുക്കിയ ‘ജിമിക്കി കമ്മല്‍’ ക്യാംപസ് വേര്‍ഷന്‍ ഏറെ ശ്രദ്ധേയമായി. ഈ വീഡിയോയില്‍ നൃത്തത്തിന് നേതൃത്വം നല്‍കുന്ന ഷെറില്‍ കടവന്‍ അനേകം ആരാധകരെയാണ് നേടിയെടുത്തത്. സോഷ്യല്‍മീഡിയയിലേയും കാംപസിലേയും താരമായ ഷെറിലിന് കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും നിറയെ ആരാധകരായിക്കഴിഞ്ഞു.
ലാല്‍ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ്. സൂപ്പര്‍ ഹിറ്റ് ഗാനത്തിലെ ശ്രദ്ധേയമായ ആദ്യത്തെ നാലു വരികള്‍ ‘സംഭാവന’ ചെയ്തത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ സൂസന്നയാണ്. ഞാറയ്ക്കല്‍ പെരുമ്പള്ളി അസീസി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂസന്നക്ക് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ചെണ്ടയുടെ താളത്തിലുള്ള പാട്ട് ബെന്നിക്ക് കേട്ട മാത്രയില്‍ തന്നെ ഇഷ്ടമായി.
ഈ പാട്ട് ബെന്നിയിലൂടെ കേട്ട സംവിധായകന്‍ ലാല്‍ ജോസ് വിവരം വീട്ടില്‍ പറഞ്ഞപ്പോള്‍ ലാല്‍ ജോസിന്റെ മകളും സ്‌കൂളില്‍ നിന്നും ഇത്തരമൊരു പാട്ടിന്റെ വരികള്‍ കേട്ടതായി ലാലിനോട് പറഞ്ഞു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല വെളിപാടിന്റെ പുസ്തകത്തിലെ കാമ്പസ് ഗാനത്തില്‍ ഈ വരികള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വരികള്‍ കോര്‍ത്തിണക്കി അനില്‍ പനച്ചൂരാന്‍ ഗാനം ചിട്ടപ്പെടുത്തുകയും ഷാന്‍ റഹ്മാന്‍ കിടിലന്‍ താളങ്ങള്‍ നല്‍കുക കൂടി ചെയ്തതോടെ സംഗതി ജോറായി. ഈ പാട്ടാണ് എല്ലാ ഭാഷയിലും റെഡ് എഫ് എം മൊഴിമാറ്റുന്നത്.