തിരുവനന്തപുരം: നഗരത്തിലെ പ്രധാന നീന്തൽക്കുളമായ ജിമ്മിജോർജ് സ്വിമ്മിംഗ് പൂളിന്റെ പരിസരത്ത് സോപ്പ് ഉപയോഗിക്കരുതെന്ന നോട്ടീസ് വിവാദമാകുന്നു.
കോവിഡ് വ്യാപനകാലഘട്ടത്തിൽ ഇത്തരമൊരു നിർദേശത്തിനെതിരേ വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപമുള്ള പോലീസിന്റെ സ്വിമ്മിംഗ് പൂളിൽ ഇറങ്ങുന്നതിനു മുന്പും പൂളിൽ നീന്തിക്കഴിഞ്ഞും നിർബന്ധമായും സമീപത്തെ വാഷ് റൂമിൽ സോപ്പ് ഉപയോഗിച്ച് കുളിക്കണമെന്ന സർക്കുലർ നൽകിയപ്പോഴാണ് ഒരുകിലോമീറ്റർ മാത്രം അകലെയുള്ള ജിമ്മി ജോർജ് നീന്തൽക്കുളത്തിന്റെ പരിസരത്ത് സോപ്പ് ഉപയോഗിക്കരുതെന്ന നോട്ടീസ് പതിച്ചിരിക്കുന്നത്.
സാധാരണയായി ജിമ്മി ജോർജ് സ്വിമ്മിംഗ് പൂളിലെത്തുന്നവർ അതിനു സമീപത്തായുള്ള വാഷ് റൂമിൽ കയറി കുളിച്ച ശേഷമാണ് പൂളിലിറങ്ങുന്നത്.
എന്നാൽ ഇപ്പോൾ വാഷ് റൂമിലും സോപ്പ് ഉപയോഗിക്കരുതെന്ന നിർദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനുശേഷം കഴിഞ്ഞ മാസമാണ് നീന്തൽക്കുളം തുറന്നത്. എന്നാൽ കുളം തുറന്നതിനു ശേഷം സമീപത്ത് വാഷ് റൂം അറ്റകുറ്റപ്പണിക്കായി അടച്ചു.
ഇതോടെ പൂളിൽ നീന്താനായി എത്തുന്നവർ കൂടുതൽ പ്രതിസന്ധിയിലുമായി. വാഷ് റൂമിൽ പോലും സോപ്പ് ഉപയോഗിക്കാൻ അനുമതി നൽകാത്തതിനു കാരണമെന്തെന്ന് അധികൃതർക്ക് വ്യക്തമായ മറുപടിയുമില്ല.
സോപ്പ് നിരോധനം സംബന്ധിച്ച് നീന്തലിനെത്തുന്നവർ സെന്റർ അധികൃതരെ ബന്ധപ്പെട്ടപ്പോൾ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഇവരുടെ പരാതി.
സംസ്ഥാന സർക്കാരിന്റെ തന്നെ ഉടമസ്ഥഥയിലുള്ള രണ്ടു നീന്തൽക്കുളങ്ങളിൽ രണ്ട് നിയമം എന്താണെന്നാണ് ഇപ്പോൾ സംശയം.