ചെറിയ ഫോർ വീൽ ഡ്രൈവ് ഓഫ് റോഡ് കാറുകൾ, മിനി എസ്യുവികൾ തുടങ്ങിയ ശ്രേണിയിൽ ഉൾപ്പെടുന്ന ജിംനിയെ ജാപ്പനീസ് കാർ നിർമാതാക്കളായ സുസുകി 1970കളിൽ നിരത്തിലെത്തിച്ചതാണ്. അര നൂറ്റാണ്ടിന്റെ പാരന്പര്യത്തിൽ ഇപ്പോഴും നിരത്തുകളിൽ സജീവമായി കുതിക്കുന്ന ജിംനിയുടെ നാലാം തലമുറയുടെ സന്താനങ്ങളെ സുസുകി വൈകാതെ വിപണിയിലിറക്കും.
രണ്ടാം തലമുറ ജിംനിയുടെ ഇന്ത്യൻ പതിപ്പായ മാരുതി ജിപ്സിയാണ് ഇന്ത്യൻ നിരത്തുകൾക്കു പരിചയം. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് അവതാരങ്ങളിലെത്തിയ ജിപ്സിക്ക് ഇന്നും ഇഷ്ടക്കാരേറെയുണ്ട്. ഇതാണ് നാലാം തലമുറ ജിംനിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കന്പനിയെ പ്രേരിപ്പിക്കുന്നത്. അടുത്ത വർഷം രണ്ടാം പകുതിയിൽ വാഹനം ഇന്ത്യൻ വിപണിയിലെത്തുമെന്നാണു സൂചന. മുൻ തലമുറകളിൽനിന്ന് നിരവധി മാറ്റങ്ങളും പുതുമകളുമായാണ് ജിംനിയുടെ നാലാം വരവ്.
രണ്ടു വേർഷൻ
കരുത്തു കുറഞ്ഞ സ്റ്റാൻഡാർഡും പ്രീമിയം പരിവേഷവും കൂടുതൽ കരുത്തുമുള്ള സീറയും.
എൻജിൻ
സ്റ്റാൻഡാർഡ്: 0.66 ലിറ്റർ ടർബോ ചാർജ്ഡ്, 3 സിലിണ്ടർ പെട്രോൾ എൻജിൻ.
സീറ: 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് 3 സിലിണ്ടർ പെട്രോൾ എൻജിൻ.
രണ്ട് എൻജിനുകൾക്കും 5 സ്പീഡ് മാന്വൽ, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ. ഓഫ് റോഡ് യാത്രാശേഷി വർധിപ്പിക്കാൻ സുസുകിയുടെ ഓൾഗ്രിപ് പ്രോ 4×4 സിസ്റ്റം.
കാഴ്ചയ്ക്ക്
ക്ലാസിക് ടച്ചുള്ള റൗണ്ട് ഹെഡ് ലാന്പുകൾ, ഹെഡ് ലൈറ്റ് യൂണിറ്റിനു പുറത്ത് നല്കിയിരിക്കുന്ന ടേണിംഗ് ഇൻഡിക്കേറ്ററുകൾ, മാറ്റ് ബ്ലാക്ക് ഗ്രിൽ, ബംപറിൽ വലിയ എയർ ഡാം, ഇരുവശത്തുമായി ഫോഗ് ലാന്പുകൾ, കറുത്ത ബോക്സി വീൽ ആർച്ച്, 5 സ്പോക്ക് അലോയ് വീലുകൾ എന്നിവ പ്രധാന ആകർഷണം. കൂടാതെ റിയർവ്യൂ മിററുകളിലും റൂഫിലും കറുപ്പിന്റെ സൗന്ദര്യം കാണാം.
കാബിൻ
ഓൾ ബ്ലാക്ക് തീമിലുള്ള ഇന്റീരിയർ ഡിസൈൻ. ചെറിയ എസ്യുവി എങ്കിലും മികച്ച സൗകര്യങ്ങൾ കോർത്തിണക്കിയിട്ടുള്ള ഡാഷ്ബോർഡ്. വലിയ സ്മാർട്ട്പ്ലേ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഇഗ്നിസിലേതിനു സമമായ എസി വെന്റുകൾ, പുതിയ സ്വിഫ്റ്റിൽ ഉപയോഗിച്ചിട്ടുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റ് എന്നിവയ്ക്കൊപ്പം കീ ലെസ് എൻട്രി, എൻജിൻ സ്റ്റാർട്ട്/സ്റ്റോപ് ബട്ടണ്, ഓട്ടോമാറ്റിക് ഹെഡ് ലാന്പുകൾ തുടങ്ങിയവ ടോപ് വേരിയന്റുകളിൽ ഉണ്ടാകും.
വലുപ്പം
3,300 എംഎം നീളം, 1,475 എംഎം വീതി, 1,715 എംഎം ഉയരം. വീൽബേസ് 2,250 എംഎം. ടോപ് വേരിയന്റിന് 300 എംഎം നീളം കൂടുതലുണ്ടാകും.
സുരക്ഷ
ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം), ട്രാക്ഷൻ കണ്ട്രോൾ, ഓട്ടോണോമസ് ബ്രേക്കിംഗ്.
ഓട്ടോസ്പോട്ട്/ ഐബി ([email protected])