റാന്നി: നിരവധി സഞ്ചാരികളെത്തുന്ന മന്ദമരുതിക്കു സമീപമുള്ള മാടത്തരുവി വെള്ളച്ചാട്ടത്തിനു സുരക്ഷാ മുൻകരുതലുകളില്ല.
കുളിക്കാനെത്തിയ വിദ്യാർഥികളായ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് ഇന്നലെ മാടത്തരുവിയിൽ മുങ്ങിമരിച്ച സംഭവം നാടിനെ ഞെട്ടിച്ചു.
സുഹൃത്തുക്കളും അയൽവാസികളുമായ മൂവർ സംഘം കുളിക്കാനായാണ് വെള്ളച്ചാട്ടത്തിൽ എത്തിയത്.
പാറയുടെ മുകളിൽ വച്ചിരുന്ന മൊബൈൽ എടുക്കാനായി പോയി തിരിച്ചുവന്ന കുട്ടി കൂട്ടുകാരെ കാണാതെ വിളിച്ചു കൂവിയതോടെയാണ് നാട്ടുകാരെത്തിയത്.
പാറക്കെട്ടുകൾ നിറഞ്ഞ വെള്ളച്ചാട്ടം ഏറെ അപകടങ്ങൾ നിറഞ്ഞതാണ്. പാറയിടുക്കിലേക്ക് കുട്ടികൾ അകപ്പെട്ടതാണ് ഇന്നലത്തെ അപകടത്തിനു കാരണമായത്.
പാറയുടെ ഉള്ളിലേക്ക് നാട്ടുകാർ കയർ കെട്ടിയിറങ്ങി കുട്ടികളെ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.
ജനവാസ കേന്ദ്രത്തിൽ നിന്നും കുറെ അകലെയാണ് സംഭവം നടന്ന വെള്ളച്ചാട്ടം. ഇവിടേക്ക് ദുർഘടമായ പാതയിലൂടെ കാൽനടയായി മാത്രമേ എത്തിച്ചേരാനാകു.
വേനലിലും നീരൊഴുക്കും വെള്ളച്ചാട്ടവും ഉള്ളതിനാൽ നിത്യവും സന്ദർശകരെത്തുന്നുമുണ്ട്. ഒൗദ്യോഗികമായ ഒരു സംവിധാനവും മാടത്തരുവി വെള്ളച്ചാട്ടം പ്രദേശതത്തില്ല.
നിരവധി വെള്ളച്ചാട്ടങ്ങളും അരുവികളും റാന്നി താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർക്കുമാകുന്നില്ല.