സിജോ പൈനാടത്ത്
കൊച്ചി: ഹൃദയ ചികിത്സയ്ക്കുശേഷം ലോക്ക് ഡൗണില്‍ കുടുങ്ങി നാട്ടിലേക്കു മടങ്ങാന്‍ സാധിക്കാതിരുന്ന ആഫ്രിക്കയില്‍നിന്നുള്ള രണ്ടര വയസുകാരനും അമ്മയ്ക്കും കരുതലും കാവലുമേകി കേരളം.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍നിന്നുള്ള കുഞ്ഞിനു വിദഗ്ധ ചികിത്സയും അനന്തരം അമ്മയ്ക്കൊപ്പം സൗകര്യപ്രദമായ താമസസൗകര്യവുമൊരുക്കിയത് എറണാകുളത്തെ ലിസി ആശുപത്രി.
മാര്‍ച്ച് രണ്ടിനാണു മകന് ജിന്‍ പേയുമായി അമ്മ ജെന്നെ പീറ്റര്‍ കേരളത്തിലെത്തിയത്. ആറിനു ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 12നു ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തി.
തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിനു മടങ്ങാനിരിക്കെ കോവിഡില്‍ യാത്ര മുടങ്ങി. കരുതിയിരുന്ന പണം ചികിത്സയ്ക്കും ഒരു മാസത്തെ ചെലവിനുമാണ് ഉണ്ടായിരുന്നത്.
ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ ഇനിയെന്ത് എന്ന ആശങ്കയ്ക്ക് ലിസി ആശുപത്രിതന്നെ പരിഹാരം കണ്ടു. താമസവും ഭക്ഷണവുമെല്ലാം സൗജന്യമായി ആശുപത്രി ഒരുക്കി. മടങ്ങുന്നതു വരെ ആവശ്യമായ ചികിത്സയും പരിചരണവും നല്‍കും.
ലൈബീരിയയുടെ തലസ്ഥാനമായ മണ്‍റോവിയയിലെ ജെഎഫ്കെ മെഡിക്കല്‍ സെന്ററിലെ മുതിര്‍ന്ന ശിശുരോഗവിദഗ്ധന് ഡോ. സിയ കമനോറിന്റെ നിര്‍ദേശപ്രകാരമാണു കുഞ്ഞിനെ ലിസി ആശുപത്രിയിലെത്തിച്ചത്. കുട്ടികളുടെ സങ്കീര്‍ണമായ ഹൃദ്രോഗ ചികിത്സയ്ക്കു സൗകര്യങ്ങളുള്ള ആശുപത്രികള്‍ ലൈബീരിയയില്‍ ഇല്ല.
ഓഡിറ്റിംഗ് ജോലി ചെയ്യുന്ന ജിന്‍ പേയുടെ പിതാവ് പീറ്റര്‍ അധികസമയം പണിയെടുത്തും വീട് പണയപ്പെടുത്തിയുമാണു മകന്റെ ചികിത്സയ്ക്കും യാത്രയ്ക്കും മറ്റുമുള്ള പണം കണ്ടെത്തിയത്.
ഭാര്യ ജെന്നെ ഉപരിപഠനം നടത്തുകയാണ്. സുഖം പ്രാപിച്ച മകനൊപ്പം ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ നീങ്ങി സ്വസ്ഥമായി ലൈബീരിയയിലേക്കു മടങ്ങാമെന്ന പ്രത്യാശയിലാണു ജെന്നെ.