പത്തനംതിട്ട: ട്രെയിന്‍ യാത്രയ്ക്കിടെ എറണാകുളം – ഷൊര്‍ണൂര്‍ പാതയില്‍ സൗമ്യ എന്ന പെണ്‍കുട്ടിക്കുണ്ടായ അതിദാരുണമായി കൊല്ലപ്പെടാനിടയായ സാഹചര്യത്തെ തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച അധിക സുരക്ഷാ സംവിധാനങ്ങള്‍ പാളി.
പാസഞ്ചര്‍ ട്രെയിനുകളില്‍ വനിത കംപാര്‍ട്ട്മെന്റുകള്‍ക്ക് ഏര്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ച സുരക്ഷയാണ് ഇതില്‍ പ്രധാനം.
കഴിഞ്ഞദിവസം നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന അധ്യാപിക കോട്ടയം മേലുകാവ് സ്വദേശി ജിന്‍സി ജോണ്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്‍ വീണു പരുക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തെ തുടര്‍ന്ന് അന്വേഷണം ഇരുട്ടില്തപ്പാനുള്ള പ്രധാന കാരണവും മുമ്പു പ്രഖ്യാപിച്ച സുരക്ഷാ നടപടികള്‍ മറന്നതാണ്.
വനിതാ കംപാര്‍ട്ട്മെന്റുകൾ ഒറ്റപ്പെട്ട്
പാസഞ്ചര്‍ ട്രെയിന്റെ വനിതാ കംപാര്‍ട്ട്മെന്റും ഇതര കംപാര്ട്ട്മെന്റുകളുമായി യാതൊരു ബന്ധവുമില്ല. ട്രെയിന്റെ പിന്‍ഭാഗത്തു തന്നെയാണ് ഇപ്പോഴും വനിതാ കംപാര്‍ട്ട്മെന്റ്.
ജിന്‍സി സഞ്ചരിച്ചിരുന്ന കംപാര്‍ട്ട്മെന്റിനു ശേഷമുണ്ടായിരുന്നത് ഗാര്‍ഡിന്റെ ബോഗിയാണ്. തൊട്ടു മുമ്പിലെ ബോഗിയില്‍ എന്തു നടന്നുവെന്ന് ഗാര്ഡിനുമറിയില്ല.
സൗമ്യസംഭവത്തേ തുടര്‍ന്ന് ട്രെയിന്റെ വനിതാ കംപാര്ട്ട്മെന്റി ല്‍ വനിതാ പോലീസിനെ അടക്കം നിയോഗിക്കാന്‍ നിര്‍ദേശമുണ്ടായതാണ്.
രാത്രി ഏഴിനുശേഷം അധികസുരക്ഷയ്ക്കും നിര്‍ദേശമുണ്ടായി. എന്നാല്‍ ട്രെയിനിലെ സുരക്ഷാ സേനയുടെ അംഗബലം ഇപ്പോഴും കൂട്ടിയിട്ടില്ല.
വര്‍ക്കല ഗവണ്മെന്റ് ഹൈസ്കൂള്‍ അധ്യാപിക കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി ജോണ്‍ (37) തിങ്കളാഴ്ച രാത്രി ഏഴോടെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കു വീണത്.
ട്രെയിന്‍ അഞ്ചു മിനിട്ടോളം ഇവിടെ നിര്‍ത്തിയിരുന്നു. പിന്നീട് ട്രെയിന്‍ വിട്ടപ്പോഴാണ് ജിന്‍സി ഇറങ്ങാന്‍ ശ്രമിക്കുന്നത് സിസിടിവിയില്‍ കാണുന്നത്.
സ്പീഡിലായ ട്രെയിനില്‍ നിന്നു രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കു ജിന്‍സി വീഴുകയായിരുന്നു.
തലയ്ക്കു ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ജിന്‍സി ബുധനാഴ്ച രാത്രിയാണ് മരിച്ചത്.
ആദ്യ വിശദീകരണം ബാലിശമായി
ഇറങ്ങാനുള്ള ശ്രമത്തിനിടെ ജിന്‍സി കാല് തെന്നി വീണുവെന്നായിരുന്നു റെയില്‍വേ പോലീസിന്റെ ആദ്യ വിശദീകരണം.
എന്നാല്‍, ജിന്‍സിക്ക് തിരുവല്ലയില്‍ ഇറങ്ങേണ്ട ഒരു കാര്യവുമില്ലെന്നിരിക്കെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സഹ അധ്യാപകരും റെയില്‍വേ യാത്രക്കാരുടെ സംഘടനകളും ആരോപിച്ചതോടെയാണ് വിശദമായ അന്വേഷണത്തിനു റെയില്‍വേ പോലീസ് തയാറായത്.
പാസഞ്ചര്‍ ട്രെയിന്‍ തിരുവല്ലയില്‍ എത്തുമ്പോള്‍ ഗാര്‍ഡ് റൂമിനോട് ചേര്‍ന്ന് അവസാനമായുള്ള ലേഡീസ് കമ്പാര്‍ട്ട്മെന്റിൽ ജിന്‍സി ഒറ്റയ്ക്കായിരുന്നുവെന്ന്് പറയുന്നു.
തിരുവല്ല സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിയപ്പോള്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റിലേക്ക് ഓടിക്കയറിയിരുന്നതായി മറ്റ് കമ്പാര്‍ട്ട്മെന്റുകളില്‍ ഉള്ളവര്‍ പറയുന്നു.
‘പരിഭ്രമിച്ച് പുറത്തേക്കു ചാടുന്ന ജിന്‍സിയെ!’
സ്റ്റേഷന്റെ മധ്യഭാഗത്ത് ഭാഗത്ത് മാത്രമാണ് സിസിടിവി ഉള്ളത്. ഇവയ്ക്ക് കവറേജ് അധികദൂരത്തേക്ക് ഇല്ല.
ലഭ്യമായ ദൃശ്യങ്ങളില്‍ പ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗത്ത് ജിന്‍സി വീഴുന്നതായി കാണാം.
പരിഭ്രമിച്ച് പുറത്തേക്കു ചാടുന്ന ജിന്‍സിയെയാണ് ഇതില്‍ കാണുന്നതെന്ന് ഭര്‍ത്താവും റെയില്‍വേ ഉദ്യോഗസ്ഥനുമായ കെ.ജെ. ജയിംസ് പറയുന്നു.