തലയോലപ്പറന്പ്: വെട്ടിക്കാട്ടുമുക്ക് പാലത്തിൽനിന്നു മൂവാറ്റുപുഴയാറിലേക്കു ചാടി ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർഥിനിയുടെ മരണകാരണം വിഷാദം മൂലമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ ഇന്ന് പോലീസ് പരിശോധിക്കും.
തലയോലപ്പറന്പ് വെട്ടിക്കാട്ടുമുക്ക് കുഴിയൻതടത്തിൽ കുഞ്ഞുമോന്റ മകൾ ജിൻസി (17) യാണു വ്യാഴാഴ്ച രാത്രി 12.30നു പാലത്തിൽനിന്നു പുഴയിലേക്കു ചാടിയത്.
വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സ് രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പുലർച്ചെ 2.30നു മൃതദേഹം കണ്ടെടുത്തു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തലയോലപ്പറന്പ് സെന്റ് ജോർജ് പള്ളിയിൽ സംസ്കരിച്ചു. തിരുവനന്തപുരം നവോദയിൽ പ്ലസ് ടുവിനു പഠിക്കുന്ന ജിൻസി ഇന്നലെ പുലർച്ചെ ട്രെയിനിൽ സ്കൂളിലേക്കു പോകാനായി മാതാപിതാക്കളുമായി ചേർന്ന് വസ്ത്രങ്ങളടക്കം ബാഗിലാക്കിയിരുന്നു.
മാതാപിതാക്കൾ ഉറങ്ങാൻപോയപ്പോൾ അടുക്കള വാതിൽ തുറന്നു പെണ്‍കുട്ടി അര കിലോമീറ്റർ അകലെയുള്ള വെട്ടിക്കാട്ടുമുക്ക് പാലത്തിലേക്ക് നടന്നു പോകുകയായിരുന്നു.
ആ സമയം അതുവഴി ലോറിയുമായെത്തിയ വെട്ടിക്കാട്ടുമുക്ക് സ്വദേശി നവാസ് പെണ്‍കുട്ടിയെ വിളിച്ചെങ്കിലും നിൽക്കാതെ പെണ്‍കുട്ടി മുന്നോട്ട് നടന്നു.
ഇതിനിടയിൽ അതുവഴി വന്ന കാർ നവാസ് തടഞ്ഞ് പെണ്‍കുട്ടിയുടെ അടുത്തേക്കു പോകാനായി തിരിച്ചെങ്കിലും കാറിന്റെ വെളിച്ചം വീണപ്പോൾ പാലത്തിന്റെ രണ്ടാമത്തെ തൂണിന്റ ഭാഗത്തുനിന്നു പെണ്‍കുട്ടി ആറ്റിലേക്കു ചാടുകയായിരുന്നു.
വിവരമിഞ്ഞ് വൈക്കം, തലയോലപ്പറന്പ് പോലീസ് സ്ഥലത്തെത്തി. വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി രണ്ടരയോടെ മൃതദേഹം കണ്ടെടുത്തത്.
പരിമിതമായ ജീവിത സാഹചര്യത്തിലും പഠിക്കാൻ സമർഥയായ മകളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ പിതാവ് കുഞ്ഞുമോനും മാതാവ് മോളിയും ശ്രദ്ധ ചെലുത്തിയിരുന്നു.
വീട്ടിൽ യാതൊരു പ്രശ്നമില്ലാതിരിക്കെ മകൾ ജീവനൊടുക്കിയത് മാതാപിതാക്കളെയും നാട്ടുകാരെയും നടുക്കി. തുടർന്നാണ് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധനക്ക് അയയ്ക്കുന്നത്.
പരിചയമുള്ള ആരെങ്കിലുമായി രാത്രി ഫോണിൽ സംസാരിച്ചു പിണങ്ങിയതിനെ തുടർന്നാണോ പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന സംശയത്തിലാണു പോലീസ്. തലയോലപ്പറന്പ് പോലീസാണ് അന്വേഷണം നടത്തുന്നത്.