നൂറുകണക്കിനാളുകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റിയെങ്കിലും മരണവെപ്രാളത്തില്‍ ചോര വാര്‍ന്ന് പെരുവഴിയില്‍ കിടന്നപ്പോള്‍ ജിനീഷിനെ രക്ഷിക്കാന്‍ ആരുമുണ്ടായില്ല. അല്ലെങ്കില്‍ ഇത്ര ദാരുണമായ രീതിയില്‍ അകാല മരണം പ്രാപിക്കേണ്ടി വരില്ലായിരുന്നു, ആ ചെറുപ്പക്കാരന്.
പ്രളയത്തില്‍ ചെങ്ങന്നൂരിലെ വീടുകളില്‍ കുടുങ്ങിക്കിടന്ന നൂറോളം പേരെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ പൂന്തുറ പള്ളിവിളാകം സ്വദേശിയായ മത്സ്യത്തൊഴിലാളി ജിനീഷിന്റെ (23), ബൈക്കപകടത്തെ തുടര്‍ന്നുള്ള മരണം ഉള്‍ക്കൊള്ളാനാവാതെ വിങ്ങുകയാണ് അദ്ദേഹത്തെ അറിയാവുന്നവരെല്ലാം.
തമിഴ്നാട് കൊല്ലങ്കോട്ടായിരുന്നു അപകടം. ചിന്നത്തുറയില്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി അന്വേഷിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്കു തിരുമന്നം ജംക്ഷനിലെ വീതികുറഞ്ഞ റോഡില്‍ നിയന്ത്രണംവിട്ട ബൈക്കില്‍നിന്നു റോഡില്‍ വീഴുകയായിരുന്നു. തൊട്ടു പിന്നാലെയെത്തിയ ലോറി ജിനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.
പിന്‍സീറ്റിലിരുന്ന സുഹൃത്ത് ജഗന് തെറിച്ചു വീണു. ഇയാള്‍ക്കു സാരമായ പരുക്കുകളില്ല. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വാഹനം ലഭിക്കാന്‍ അരമണിക്കൂറോളം വൈകി. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ജിനീഷ് മരിച്ചു.
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ അഭ്യര്‍ഥന എത്തും മുന്‍പേ സ്വന്തം നിലയ്ക്കു രക്ഷാദൗത്യത്തിനു പോയ മത്സ്യത്തൊഴിലാളി സംഘങ്ങളിലൊന്നായ കോസ്റ്റല്‍ വാരിയേഴ്സിലെ അംഗമായിരുന്നു ജിനീഷ്. ഓഗസ്റ്റ് 16ന് അര്‍ധരാത്രി കടലില്‍ പോകാന്‍ ഒരുങ്ങി നിന്നപ്പോഴാണു സുഹൃത്തുക്കള്‍ ചേര്‍ന്നു രക്ഷാദൗത്യത്തിനു പോകാമെന്ന ധാരണയായത്. നാട്ടുകാരില്‍ ഒരാളുടെ വള്ളം വാടകയ്ക്കെടുത്തു.
ജിനീഷിന്റെ വീട്ടിലിരുന്ന പുതിയ എന്‍ജിനുമായിട്ടാണ് ആദ്യം സംഘം ചെങ്ങന്നൂരിലേക്കു പുറപ്പെട്ടത്. മികച്ച നീന്തല്‍ വിദഗ്ധനായിരുന്നതിനാല്‍ വീടുകളില്‍ കുടുങ്ങിക്കിടന്ന നൂറോളം പേരെ ജിനീഷ് ഒറ്റയ്ക്കാണു രക്ഷിച്ചു ബോട്ടിലെത്തിച്ചത്. കടലിനു സമീപമുള്ള വീടു മൂന്നു വര്‍ഷം മുന്‍പു തകര്‍ന്നതിനാല്‍ വാടകവീട്ടിലാണു കുടുംബം കഴിയുന്നത്. അച്ഛന് ജെറോം സ്ഥിരമായി കടലില്‍ പോകുന്നില്ലാത്തതിനാല്‍ വീടിന്റെ അത്താണിയായിരുന്നു ജിനീഷ്.
പ്രളയത്തെക്കുറിച്ച് ചെങ്ങന്നൂരുകാരുടെ ഓര്‍മകളില്‍ പൂന്തുറയിലെ ജിനീഷിന്റെ മുഖം ഇനിയെന്നുമുണ്ടാകും. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയിലും ജോലി മാറ്റിവച്ചു കഴുത്തറ്റം വെള്ളത്തിലേക്കാണു ജിനീഷ് അന്നു ചാടിയത്. സ്വന്തം കയ്യില്‍ കോരിയെടുത്തു കൊണ്ടുവന്നതു നനഞ്ഞുവിറങ്ങിലച്ച നൂറിലധികം മനുഷ്യരെ.
‘ഞങ്ങളെല്ലാവരും കൂടി 800 പേരെയാണു രക്ഷിച്ചത്, ജിനീഷില്ലായിരുന്നെങ്കില് അതില്‍ 100 പേരുടെ അടുത്തെത്താന്‍ കഴിയുമായിരുന്നില്ല’- ബോട്ടില്‍ ഒപ്പമുണ്ടായിരുന്ന പുതിയതുറ സ്വദേശി ജോണി ചെക്കിട്ട പറയുന്നു. വെള്ളത്തിലൂടെ നീന്തിയാണു വീടുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ പലരെയും ജിനീഷ് രക്ഷിച്ചത്.
പുതിയതുറയില്നിന്ന് വിളിയെത്തിയതോടെ ജിനീഷ് ചെങ്ങന്നൂരിലേക്കു പോകാന്‍ തയാറായി. വീട്ടിലിരുന്ന എന്‍ജിനും സുഹൃത്തിന്റെ ബോട്ടും തയാറാക്കി. കോരിച്ചൊരിയുന്ന മഴയില്‍ ചേരിയാമുട്ടം കടപ്പുറത്തുനിന്ന് 12 പേര് നാലുമണിക്കൂര്‍ പരിശ്രമിച്ചു ബോട്ട് ലോറിയില്‍ കയറ്റി. ചെങ്ങന്നൂരില്‍ പലയിടത്തും ഒഴുക്ക് ശക്തമായിരുന്നതിനാല്‍ വള്ളം സമീപത്തുള്ള മതിലില്‍ കെട്ടിയിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇതിനായി കയറുമായി വെള്ളത്തിലേക്കു ചാടിയത് ജിനീഷായിരുന്നു.
പ്രസവവേദനയില്‍ പുളയുന്ന സ്ത്രീയെ രക്ഷിച്ചുകൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോള്‍ ജിനീഷിനും സുഹൃത്തിനും ബോട്ടില്‍ ഇരിക്കാന്‍ ഇടമുണ്ടായിരുന്നില്ല. ബോട്ട് തിരികെയെത്തും വരെ നെഞ്ചറ്റം വെള്ളത്തില്‍ ഇരുവരും കൈകോര്ത്തുപിടിച്ചുനില്ക്കുകയായിരുന്നു.