ആലുവ: എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി പതിനെട്ടു ഗുണ്ടകളെയാണ് ഇതിനകം കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
23 പേരെ നാടുകടത്തുകയും ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ ഞാറയ്ക്കൽ വയൽപ്പാടം വീട്ടിൽ ജിനേഷ് (ജിന്നാപ്പി-39)നെയും പത്തോളം കേസുകളിൽ പ്രതിയായ നോർത്ത് പറവൂർ കോട്ടുവള്ളി കിഴക്കേപ്രം കരയിൽ വയലും പാടം വീട്ടിൽ അനൂപ് (പൊക്കൻ അനൂപ് 31) നെയുമാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞാറയ്ക്കൽ, മുനമ്പം, വടക്കേക്കര, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ നരഹത്യാ ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഗൂഢാലോചന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജിന്നാപ്പി.
കഴിഞ്ഞ ജൂണിൽ നോർത്ത് പറവൂർ സ്റ്റേഷൻ പരിധിയിൽ വടിവാളുമായി ആക്രമണം നടത്തിയതിനെ തുടർന്ന് ഇയാളെ ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.
നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ജിനേഷിനെ 2009, 2011 വർഷങ്ങളിൽ കാപ്പ നിയമ പ്രകാരം ജയിലിൽ അടച്ചിരുന്നതാണ്. ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശേരി, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ കേസുകളുള്ള സ്ഥിരം ഗുണ്ടയാണ് പൊക്കൻ അനൂപ്.
വധശ്രമം, കവർച്ച, ദേഹോപദ്രവം, ആയുധം കൈവശം വയ്ക്കൽ, സ്ഫോടക വസ്തു ഉപയോഗിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
ഈ വർഷം തന്നെ മൂന്നു കേസുകളിൽ ഉൾപ്പെട്ട അനൂപ് തത്തപ്പിള്ളിയിൽ മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച കേസിലും, നെടുമ്പാശേരിയിൽ ചീട്ടുകളി സംഘത്തെ ആക്രമിച്ച് പണം കവർന്ന കേസിലും പ്രധാന പ്രതിയാണ്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഗുണ്ടകൾക്കെതിരേ റൂറൽ ജില്ലയിൽ കർശന നടപടി തുടരുകയാണെന്ന് എസ്പി കെ. കാർത്തിക് അറിയിച്ചു.