കുണ്ടറ: യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് കുണ്ടറ പോലീസിൽ പരാതി നൽകി. കൊറ്റങ്കര കോട്ടാച്ചിറ നന്ദനത്തിൽ മധുസൂദനൻ പിള്ളയുടെ മകൾ പ്രിയങ്ക (29) യുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ ശ്രീവിദ്യ പോലീസിൽ പരാതി നൽകിയത്.
പെരുന്പുഴയിലുള്ള ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ പ്രിയങ്കയെ കണ്ടെത്തുകയായിരുന്നു. പെരുന്പുഴ ജിഷ്ണു നിവാസിൽ ജിഷ്ണുവും പ്രിയങ്കയും തമ്മിലുള്ള പ്രണയവിവാഹം 2011ലാണ് നടന്നത്.
ഇവർക്ക് അഞ്ച് വയസുള്ള മകനുണ്ട്. ജിഷ്ണു മകളെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
ബുധനാഴ്ച രാവിലെ സുഖമില്ലാത്തതിനാൽ പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് മകൾ മരിച്ചതായി അറിയുന്നത്.
മകൾക്ക് നൽകിയ സ്വർണാഭരണങ്ങളും മറ്റും കാണാതായത് ദുരൂഹത വർധിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു.
കുണ്ടറ പോലീസ് സ്റ്റേഷനിൽ പ്രിയങ്ക ഭർതൃപീഡനത്തിന് പരാതി നൽകിയിരുന്നതായി കുണ്ടറ പോലീസ് പറഞ്ഞു. വിശദാംശങ്ങൾ ലഭിക്കുന്നതിനായി പ്രിയങ്കയുടെ ഫോൺ സൈബർ സെല്ലിൽ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
ജിഷ്ണുവിനെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.