നാദാപുരം: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിന് ഇന്ന് ഒരു മാസം പൂർത്തിയാവുന്പോഴും സർക്കാരിൽനിന്ന് നീതി ലഭ്യമാകാതെ നീറുന്ന മനസും തോരാക്കണ്ണീരുമായി മാതാപിതാക്കളും കുടുംബവും. കഴിഞ്ഞ മാസം ആറാം തിയതിയാണ് വളയം പൂവ്വംവയൽ സ്വദേശി കിണറുള്ള പറന്പത്ത് അശോകൻ-മഹിജ ദന്പതികളുടെ മകൻ ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കോപ്പിയടിച്ചത് പിടിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ തൂങ്ങി മരിച്ചെന്നായിരുന്ന കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ മൃതദേഹത്തിന്റെ കൈത്തണ്ടയിലും വാരിയെല്ലുകൾക്കും മൂക്കിന് മുകളിലുമായി മുറിവിന്റെ പാടുകൾ കണ്ടതോടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ കേസ് തന്നെ തേച്ചുമായ്ച്ച് കളയാനുള്ള തയാറെടുപ്പുകളാണ് തുടക്കം മുതലുണ്ടായതെന്ന് കുടംബം ആരോപിക്കുന്നു.
ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് തന്നെ പിജി വിദ്യാർഥിയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ഫോറൻസിക് സർജൻമാരുടെ സാനിധ്യം ഉണ്ടായിരിക്കെ അവരെയൊന്നും അറിയിക്കാതെ ജിഷ്ണുവിന്റെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം വീഡിയോവിൽ പകർത്താൻ പോലും പിജി വിദ്യാർഥിയായ ഡോക്ടർ സമ്മതിച്ചില്ലത്രെ. പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച മൃതദേഹത്തിലെ മുറിവുകളോ പരിക്കുകളോ ഒന്നും പിജി വിദ്യാർഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.
ഇത്തരത്തിൽ കേസിൽ നിർണായകമായേക്കാവുന്ന തെളിവുകൾ ഓരോന്നായി ചിലർ മുൻ കൈയെടുത്ത് നശിപ്പിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മരണം വിവാദമായതോടെ പ്രതിപക്ഷനേതാവും, മന്ത്രിമാരും,എംപി മാരും,പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുമെല്ലാം ആശ്വാസ വാക്കുകളുമായി വീട്ടിലെത്തിയെങ്കിലും കുറ്റക്കർക്കെതിരെ നടപടിയെടുക്കാൻ പോലിസോ അധികാരികളോ ഇതുവരെ തയാറായിട്ടില്ല.
ക്രൂരമായ ശാരീരിക പീഡനത്തിനിരയായാണ് മകൻ മരണപ്പെട്ടതെന്ന് മാതാപിതാക്കൾ ഓരോരുത്തർക്ക് മുന്നിലും തെളിവുകൾ നിരത്തി പരാതികളുടെ കെട്ടഴിച്ചെങ്കിലും ആരും ഈ കുടുബത്തിന് താങ്ങായി നീതി ലഭിക്കാനായി ഒന്നും ചെയ്തില്ലെന്ന് മാതാപിതാക്കൾ പറയുന്നു. കൂടാതെ മരണം നടന്ന മുറിയിൽ രക്തപ്പാടുകൾ കണ്ടതായും പറയുന്നുണ്ട്.ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും മരണത്തിന് കാരണക്കാരെന്ന് മാനേജ്മെന്റ് കണ്ടെത്തി സസ്പെന്റ് ചെയ്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലും കഴിഞ്ഞില്ല.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്ന് പിതാവ് അശോകൻ പറയുന്നു.സർക്കാറിൽ നിന്ന് നീതി ലഭിച്ചില്ലെന്നും കോളജ് മാനേജറുടെ വീടിന് മുന്നിൽ കുടുംബത്തോടെ സത്യാഗ്രഹത്തിന് ഒരുങ്ങുകയാണെന്നും ജിഷ്ണുവിന്റെ അച്ഛൻ പറഞ്ഞു.