പേരാമ്പ്ര: ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും വെള്ളിയുമടക്കം ഇരട്ട മെഡലിനർഹനായ ഒളിമ്പ്യൻ ജിൻസൺ ജോൺസനു ജന്മനാടിന്റെ വരവേൽപ്പ്. ഇന്നലെ രാവിലെ പതിനൊന്നോടെ കരിപ്പൂരിൽ വിമാനമിറങ്ങിയ ജോൺസനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പൗരാവലിക്കുവേണ്ടി പ്രസിഡന്റ് ഷീജ ശശി ഹാരമണിയിച്ചു സ്വീകരിച്ചു.
പിതാവ് ജോൺസൺ, മാതാവ് ഷൈലജ എന്നിവരും കോഴിക്കോട് ജി്ല്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് എ.ജെ.മത്തായി, അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുറഹ്മാൻ, സെക്രട്ടറി വി.കെ.തങ്കച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതേഷ് മുതുകാട്, ഗ്രാമ പഞ്ചായത്തം ഗങ്ങളായ ജയേഷ് മുതുകാട്, ഡെയ്സി ജോസഫ്, ആദ്യകാല കോച്ച് കെ.എം. പീറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്നു അനേകം വാഹനങ്ങളുടെ അകമ്പടിയോടെ പേരാമ്പ്ര വഴി ചക്കിട്ടപാറയിലേക്ക് ആനയിച്ചു. വീട്ടിൽ കുടുംബാംഗങ്ങളും നാട്ടുകാരും ഊഷ്മളമായ വരവേൽപ്പാണു നൽകിയത്. മുത്തശ്ശി പത്മാവതി അമ്മ സ്നേഹ ചുംബനം നൽകിയപ്പോൾ അയൽവാസി ദേവി പൊന്നാടയണിയിച്ചു.
മധുര പലഹാര വിതരണവും നടത്തി. സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ ബേബി കാപ്പുകാട്ടിൽ, ഇ.എസ്. ജെയിംസ്, പി.പി. രഘുനാഥ്, വി.വി. കുഞ്ഞിക്കണ്ണൻ, രാജേഷ് തറവട്ടത്ത്, ഇ.എം. ശ്രീജിത്ത്, പി.പി. രാജീവൻ, സുബിൻ ആലപുരം, ഗിരീഷ് കോമച്ചം കണ്ടി, ഏലിക്കുട്ടി പീറ്റർ, ജോബി മാത്യു, രാജൻ വർക്കി തുടങ്ങിയവരും ജിൻസനെ സ്വീകരിക്കാൻ വീട്ടിലെത്തിയിരുന്നു.
‘മെഡലുകൾ പീറ്റർ സാറിന് ‘
ചക്കിട്ടപാറ: പ്രിയ ശിഷ്യൻമാർ ഓരോരുത്തരായി കായിക ലോകത്തിന്റെ ഉയർച്ചയിലേക്കപടി കയറുമ്പോൾ ചക്കിട്ടപാറ പഞ്ചായത്ത് മൈതാനിയിൽ സന്തോഷം മനസിൽ താലോലിക്കുന്ന ഒരാളുണ്ട്. ശിഷ്യൻമാരുടെ കായിക ഗുരു പീറ്റർ സാറാണത്.
ഏഷ്യൻ ഗെയിംസിൽ വെള്ളിയും സ്വർണവും കരസ്ഥമാക്കി പഴയ ശിഷ്യൻ ജിൻസൻ കരിപ്പൂരിൽ വിമാനമിറങ്ങിയപ്പോൾ സ്വീകരിക്കാൻ സന്തോഷവും അഭിമാനവും പുറത്ത് പ്രകടിപ്പിച്ച് പീറ്ററും എത്തിയിരുന്നു. ഒപ്പം ഭാര്യ ഏലിക്കുട്ടി ടീച്ചറും.
ജിൻസൺ ജോൺസനും അദ്ദേഹത്തിന്റെ മുമ്പിലെത്തിയാൽ കുഞ്ഞാടാണ്. പീറ്റർ സാറിനെക്കുറിച്ചു ചോദിച്ചാൽ ശിഷ്യർക്കെല്ലാം നൂറ് നാക്കാണ്. ഇന്നലെ വീട്ടിലെത്തിയപ്പോൾ തനിക്കു ജക്കാർത്തയിൽ കിട്ടിയ മെഡലുകൾ ജിൻസൻ സമർപ്പിച്ചതും പീറ്റർ സാറിനാണ്.