കടുത്തുരുത്തി: സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും. സ്കൂൾ വിദ്യാർത്ഥിനികളെയും യുവതികളെയും പ്രണയിച്ച് വലയിലാക്കി നഗ്നദൃശ്യങ്ങൾ പകർത്തിയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത ജിൻസു (24) വാണ് ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്നത്. 14 നും 26നും മധ്യേ പ്രായമുള്ള വിദ്യാർഥിനികളും യുവതികളുമാണ് ഇയാളുടെ പീഡനത്തിനിരയായതെന്ന് പോലീസ് പറയുന്നു.
ഇതേസമയം പ്രതിക്ക് കഞ്ചാവ് കേസുകളിലെ പ്രതികളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. പോലീസ് പിടിയിലായ കഞ്ചാവ് കേസുകളിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ പലപ്പോഴും എത്തിയിരുന്നത് ജിൻസുവാണെന്നു പോലീസ് പറഞ്ഞു.
ഇതോടെ നഗ്നചിത്രങ്ങൾ പകർത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. യുവാവുമായി ബന്ധമുള്ള മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളും ഇവർക്ക് പീഡനകേസിൽ ബന്ധമുണ്ടോയെന്ന കാര്യവും പോലീസ്് അന്വേഷിക്കുന്നുണ്ട്.