കോതമംഗലം: സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരെയും ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.
കീരംപാറ ചെങ്കര ഊന്പക്കാട്ട് ജിന്റോ വർക്കി (35) ആണ് അറസ്റ്റിലായത്. കശുവണ്ടി ഫാക്ടറി നടത്താനെന്ന പേരിൽ ചെറുവട്ടൂർ നിലത്തിൽ ആർ. രാജേഷിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
തട്ടിയെടുക്കുന്ന പണംകൊണ്ട് ആഡംബര കാറുകളും മറ്റും വാങ്ങി ആർഭാട ജീവിതം നയിച്ചിരുന്ന പ്രതിയെ ഒളിവിൽ കഴിയുന്നതിനിടെ തന്ത്രപരമായി പോലീസ് കുടുക്കുകയായിരുന്നു.
രാജേഷിന്റെ പേരിലുള്ള 50 സെന്റ് സ്ഥലം കശുവണ്ടി വ്യവസായം തുടങ്ങാനായി ലീസിനു കൊടുത്താൽ 30,000 രൂപ വാടകയും കന്പനിയിൽ പങ്കാളിത്തവും കച്ചവടത്തിൽ ഓഹരിയും നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്.
വ്യവസായം തുടങ്ങാൻ ഈ വസ്തു ഈടു നൽകി വായ്പ തരപ്പെടുത്തിയ പ്രതി വ്യവസായത്തിനു കിട്ടുന്ന സബ്സിഡി തുകയും രാജേഷിനു നൽകാമെന്ന് വിശ്വസിപ്പിച്ചിരുന്നു.
മിൽട്ടണ് കാഷ്യൂസ് എന്ന പേരിൽ കന്പനി തുടങ്ങാൻ 2018ൽ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ നെല്ലിക്കുഴി ശാഖയിൽ വസ്തു പണയപ്പെടുത്തി 40 ലക്ഷം രൂപ ജിന്റോ അക്കൗണ്ടിലേക്ക് മാറ്റി.
കന്പനി തുടങ്ങി മൂന്നു മാസം കൊണ്ടുതന്നെ പ്രവർത്തനം അവസാനിപ്പിച്ചു. വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നു മാത്രമല്ല രാജേഷിന്റെ വസ്തു രേഖയും തിരിച്ചറിയൽ കാർഡ് പകർപ്പും ഉപയോഗിച്ച് മൂവാറ്റുപുഴയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് ഇയാളെ ജാമ്യക്കാരനാക്കി 2019ൽ പ്രതി ഇന്നോവ കാർ വാങ്ങാൻ 10 ലക്ഷം രൂപ വായ്പയെടുത്തു.
മറ്റൊരു സാന്പത്തിക സ്ഥാപനത്തിൽനിന്ന് സമാനരീതിയിൽ 5 ലക്ഷം രൂപയും സ്വന്തമാക്കിയും വാഹനം വാങ്ങി.
രാജേഷിൽനിന്ന് കൈവശപ്പെടുത്തിയ രേഖകൾ ഉപയോഗിച്ച് വ്യാജ ഒപ്പിട്ട് മുംബൈയിലെ ധനകാര്യസ്ഥാപനത്തിൽനിന്ന് 1.30 ലക്ഷം രൂപയും വാങ്ങി.
പരാതിക്കാരന്റെ അമ്മാവനിൽനിന്ന് എട്ടു ലക്ഷം രൂപയും കൈവശപ്പെടുത്തിയിട്ടുണ്ട്.
വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്കിൽനിന്നു ജപ്തിനോട്ടീസ് വന്നതോടെയാണ് രാജേഷ് പരാതി നല്കിയത്.
ഒരു വർഷം മുന്പ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നില്ലെന്നും തട്ടിപ്പുകാരനെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് രാജേഷും കുടുംബവും കഴിഞ്ഞമാസം 27ന് കോതമംഗലം സ്റ്റേഷനു മുന്നിൽ സത്യഗ്രഹസമരം നടത്തിയിരുന്നു.
ഒളിവിൽ പോയ പ്രതി ചെങ്കരയിലെ വീട്ടിൽ എത്തുന്നുണ്ടെന്ന് നിരീക്ഷണത്തിൽ വ്യക്തമായ പോലീസ് ചൊവ്വാഴ്ച വൈകിട്ടോടെ കെണിയൊരുക്കിയാണ് പിടികൂടിയത്.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്റ്റേഷനുകളിലായി ജിന്റോ വർക്കിയുടെ പേരിൽ തട്ടിപ്പ്, മോഷണം, അടിപിടി തുടങ്ങി 17 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോതമംഗലം കോടതി റിമാൻഡ് ചെയ്തു.