ആരാധകരും വിമര്‍ശകരും സമാസമമുള്ള നടനാണ് പൃഥിരാജ്. പൃഥിരാജ് എന്ന വ്യക്തിയെ അടുത്തറിയാവുന്നവരെല്ലാം അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയും ആരാധനയോടെയുമാണ് കാണുന്നത്. അതേസമയം പൃഥിരാജ് അഹങ്കാരിയാണെന്നും മുതിര്‍ന്നവരെ ബഹുമാനിക്കാനറിയാത്തയാളാണെന്നും ഇംഗ്ലീഷ് പറഞ്ഞ് ഷൈന്‍ ചെയ്യുകയാണെന്നുമൊക്കെ പലരും പരാതി പറയാറുമുണ്ട്. എന്തൊക്കെയാണെങ്കിലും തനിക്കറിയാവുന്ന പൃഥിരാജ് ഇങ്ങനെയാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ജിനു എബ്രാഹം. പൃഥിരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം, ആദം ജോണിന്റെ സംവിധായകനാണ് ജിനു. താരകുടുംബത്തില്‍ നിന്നുള്ള യുവനടനെക്കുറിച്ച് ജിനു പറയുന്നതിങ്ങനെ…
നമ്മള്‍ പറയുന്ന കഥ പോലും മുഴുവന്‍ കേള്‍ക്കാന്‍ ക്ഷമ കാണിക്കാത്ത ആളുകളുണ്ട്. ഒന്നുമേ ആലോചിക്കാതെ തള്ളിക്കളയുന്നവരുമുണ്ട്. പൃഥ്വിരാജ് വേറിട്ട് നില്‍ക്കുന്നത് അതുകൊണ്ടാണ്. എന്ത് കഥയും അദ്ദേഹത്തോടു പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്നു തോന്നിയാല്‍ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം. എന്നെ സംബന്ധിച്ച് ഞാന്‍ ഒന്നില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവും അതുപോലെ പുതിയൊരു കാഴ്ച അനുഭവവുമായിരിക്കണം അടുത്ത ചിത്രം എന്നു നിര്‍ബന്ധമുള്ളയാളാണ്. പൃഥ്വി ആ നിലപാടിനെ സ്വാഗതം ചെയ്യുന്നയാളാണ്. അതുപോലെ അദ്ദേഹത്തിന് വേര്‍തിരിവുകള്‍ ഒന്നുമില്ല. പുതിയയാള്‍ പഴയയാള്‍ , പരിചയ സമ്പന്നന്‍ അങ്ങനെയൊരു വേര്‍തിരിവോടെയല്ല സമീപനം.
ഈ ചിത്രം തന്നെ അച്ഛന്‍ മകളെ തേടുന്നു എന്ന പശ്ചാത്തലത്തിലുള്ളതെന്നു മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്റെ കഥ കേള്‍ക്കാന്‍ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോള്‍ നമ്മുടെ മനസിലുള്ളത് എന്താണ് അത് അതേപടി പൃഥ്വിയിലും ചില നേരങ്ങളില്‍ പ്രതിഫലിക്കും. അദ്ദേഹത്തിന് സബ്ജക്ട് ആണു പ്രധാനം. അതാണ് എന്റെ മൂന്നു ചിത്രങ്ങളിലും പൃഥ്വി നായകനാകുള്ള കാരണം. 15 വര്‍ഷമായി പൃഥ്വി സിനിമയിലെത്തിയിട്ട്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. നന്നായി പഠിച്ച് സിനിമയെ സമീപിക്കുന്നൊരു ആക്ടറും കൂടിയാണ്. അദ്ദേഹത്തിന് അതുകൊണ്ടു തന്നെ നല്ല അറിവുമാണ്. സ്‌ക്രിപ്റ്റില്‍ മാത്രമല്ല, സിനിമയിലുടനീളം നല്ല നിര്‍ദ്ദേശങ്ങള്‍ തരുന്നയാളാണ് അദ്ദേഹം. വളരെ പോസിറ്റിവ് ആയി മാത്രം. അങ്ങനെയുള്ള അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യാനാകുന്നത് ഏതൊരു സംവിധായകനും നല്ല അനുഭവമേ സമ്മാനിക്കൂ. ജിനു പറയുന്നു.