കോട്ടയം: ഗൾഫിലെ ജോലി വേണ്ടന്നു വച്ച് നാട്ടിലെത്തി കഞ്ചാവ് കച്ചവടം തുടങ്ങിയ യുവാവ് കുടുങ്ങി. ഇന്നലെ എക്സൈസിന്റെ വാഹന പരിശോധനയിൽ സ്കൂട്ടർ പരിശോധിച്ചപ്പോൾ 50 പൊതി കഞ്ചാവ് കണ്ടെടുത്തതോടെയാണ് കഞ്ചാവ് വിൽപനക്കാരൻ കുടുങ്ങിയത്. മാങ്ങാനം പാക്കത്ത് ജിനു വർഗീസ് ജോർജി (30)നെയാണു പിടികൂടിയത്. കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് ആണ് പിടികൂടിയത്.
ഒരു വർഷം മുൻപ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിക്കുന്ന ഇയാൾ കന്പത്തു നിന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്.
സഹായിയായി ആരും ഇല്ലെന്നാണ് കരുതുന്നതെന്നും തുടർന്നുള്ള അന്വേഷണം നടക്കുന്നതായും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എച്ച്.നൂറുദ്ദീൻ പറഞ്ഞു. കഞ്ചാവ് ചെറുപൊതികളിലാക്കി കഞ്ഞിക്കുഴി ഭാഗത്തും കോട്ടയം ടൗണിലും പരിസരപ്രദേശങ്ങളിലും സ്കൂൾ കോളജ് വിദ്യാർഥികൾക്ക് വില്പന നടത്തിവരികയായിരുന്നു.
ഇയാളുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യമുള്ളവർ വിളിക്കും. ഉടനെ പറയുന്ന സ്ഥലത്ത് എത്തിക്കും. ഒരു പൊതി കഞ്ചാവിന് 500 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. കഞ്ചാവ് വിൽപ്പനയുടെ ലാഭം മനസിലാക്കിയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ചതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സി. ബൈജുമോൻ, എ. നാസർ, പി.പി. പ്രസീത്, അഞ്ചിത് രമേശ്, ജീമോൻ എന്നിവരും പങ്കെടുത്തു. പ്രതിയെ എക്സൈസ് ജാമ്യത്തിൽ വിട്ടയച്ചു.