പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നീട്ടി നല്‍കി റിലയന്‍സ് ജിയോ. ഉപഭോക്താക്കളില്‍ ഭൂരിഭാഗവും പുതിയ പ്ലാനില്‍ അംഗമായിട്ടില്ലാത്ത സാഹചര്യത്തിലാണ് കമ്പനി ഈ തീരുമാനം കൈക്കൊണ്ടത്. നേരത്തെ മാര്‍ച്ച് 31ഓടു കൂടി പ്രൈമില്‍ അംഗത്വം നേടുന്നതിനുള്ള അവസരം അവസാനിക്കുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. 100 മില്ല്യണ്‍ വരിക്കാര്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് കമ്പനി ഇതുകൊണ്ടുദ്ദേശിക്കുന്നത്.
ജിയോയുടെ കടന്നുവരവിനു ശേഷം ടെലിക്കോം രംഗത്ത് നിരവധി മാറ്റങ്ങള്‍ വന്നിരുന്നു. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ മുന്‍ നിര സേവനദാതാക്കളില്‍ നിന്ന് ഉപഭോക്താക്കള്‍ വ്യാപകമായി ജിയോയിലേക്ക് മാറിയിരുന്നു. എന്നാല്‍ ജിയോയുടെ ആറുമാസം നീണ്ടു നിന്ന ഓഫര്‍ അവസാനിക്കാനിരിക്കെ മികച്ച പ്ലാനുകളുമായി മറ്റു സേവനദാതാക്കള്‍ രംഗത്തെത്തിയത് ജിയോയ്ക്കു വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജിയോ പ്രൈം കാലാവധിയും സൗജന്യ സേവനവും നീട്ടി നല്‍കിയിരിക്കുന്നത്.