കൊച്ചി: ഇന്റർനെറ്റ് അതിവേഗതയ്ക്കൊപ്പം കൊച്ചിയും കുതിക്കാനൊരുങ്ങുകയാണ്. കേരളത്തിൽ 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനം ഇന്ന് മുതൽ കൊച്ചിയിൽ ആരംഭിക്കും.
നഗരസഭാതിർത്തിയിൽ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ 5 ജി ലഭിക്കുക. പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് ഇത് വ്യാപിക്കും.
റിലയൻസ് ജിയോ ആണ് കൊച്ചി നഗരത്തിൽ 5ജി തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ആദ്യത്തെ 5ജി സേവനം ഇന്ന് വൈകുന്നേരം 5.30ന് ഓണ്ലൈനായിഉദ്ഘാടനം ചെയ്യും.
ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബറിലാണ് രാജ്യത്ത് 5 ജി സേവനത്തിന് തുടക്കമിട്ടത്. 2023 ന്റെ തുടക്കത്തിൽ തന്നെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം 5 ജി എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇക്കഴിഞ്ഞ ജൂലായ് അവസാനം ഏഴ് ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണം ചെയ്തത്.
ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയർന്നിരുന്നു. 51.2 ജിഗാഹെർട്സ് സ്പെക്ട്രമാണ് ലേലത്തിൽ പോയത്. ഒക്ടോബർ ഒന്നിന് 5ജി സേവനങ്ങൾ ആരംഭിച്ചതു മുതൽ ടെലികോം ഓപ്പറേറ്റർമാർ ഇന്ത്യയിലെ 50 നഗരങ്ങളിൽ കവറേജ് വിപുലീകരിച്ചിട്ടുണ്ട്.