സംസ്ഥാനത്തെ ജിയോ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു ! കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ റിലയന്‍സ് ബഹിഷ്‌കരണത്തിന് ഇടതു സംഘടനകള്‍ ആഹ്വാനം ചെയ്യുമ്പോഴും അംബാനി മാജിക് കേരളത്തില്‍ തുടരുന്നതിങ്ങനെ…

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ അദാനിയുടെയും അംബാനിയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഇടതു സംഘടനകള്‍ വ്യാപകമായി ആഹ്വാനം നടത്തുന്നുണ്ട്.

എന്നാല്‍ ഇത്തരം ആഹ്വാനങ്ങള്‍ ജിയോയ്ക്ക് യാതൊരു വിധ ക്ഷീണവുമേല്‍പ്പിക്കില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജിയോയ്ക്ക് കേരള സര്‍ക്കിളില്‍ ഒരു കോടിയിലധികം വരിക്കാരാണ് ഉള്ളത്. കോവിഡ് കാലത്തടക്കം വലിയ നേട്ടമാണ് ജിയോ സ്വന്തമാക്കിയത്.

കോവിഡ് കാലത്ത് ജിയോയ്ക്ക് കൂടുതല്‍വരിക്കാരെ നേടാനായത് ജിയോയുടെ മുന്നേറ്റത്തിന് തെളിവായി മാറി. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസും ജിയോ ഇന്‍ഫോകോമിന് തുണയായി. നാലുവര്‍ഷംകൊണ്ടാണ് ഇത്രയും വരിക്കാരെ ജിയോയ്ക്ക് നേടാനായത്.

അടച്ചിടല്‍കാലത്ത് പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ കണക്ടിവിടിയെത്തിക്കുന്നതിന് താല്‍ക്കാലിക ടവറുകള്‍ സ്ഥാപിച്ചു.

ഡാറ്റാ സ്ട്രീമിങ് നല്‍കുന്നതിന് നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്യുകയുമുണ്ടായി. വൈകാതെ 5ജി സേവനം നല്‍കാനൊരുങ്ങുകയാണ് കമ്പനി. ഗൂഗിളുമായിചേര്‍ന്ന് വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഇതേസമയം തന്നെ റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന കര്‍ഷകരുടെ പ്രഖ്യാപനത്തിന് പിന്നാലെ ടെലികോം കമ്പനികള്‍ക്കെതിരേ
പരാതിയുമായി ജിയോ രംഗത്തെത്തി.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ജിയോയ്ക്ക് ഉപകാര പ്രദമാണെന്ന തരത്തില്‍ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും എതിരെയാണ് ജിയോ ട്രായിയെ സമീപിച്ചിരിക്കുന്നത്.

കാര്‍ഷിക മേഖലയെ സ്വകാര്യവല്‍ക്കാരിക്കാനുള്ള നീക്കങ്ങളില്‍നിന്നും പിന്മാറി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ജിയോ സിം ഒഴിവാക്കുമെന്നും റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപ്പേര്‍ ജിയോ സിം ഒഴിവാക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് മറ്റ് കമ്പനികള്‍ക്കെതിരെ പരാതിയുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളോട് മത്സരിക്കുന്ന മറ്റ് കമ്പനികള്‍ അസ്സന്മാര്‍ഗ്ഗികമായ പ്രചരണം ആരംഭിച്ചിരിക്കുകയാണെന്നാണ് ജിയോ ട്രായിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ‘ജിയോ സിമ്മില്‍നിന്നും മറ്റ് നെറ്റ് വര്‍ക്കുളിലേക്ക് പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഉപഭോക്താക്കളാരും ജിയോ സര്‍വ്വീസുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും നല്‍കിയിട്ടുമില്ല’, ജിയോ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ പേരില്‍ ജിയോ സെപ്റ്റംബറില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രാജ്യത്തിന്റെ ഉത്തരേന്ത്യന്‍ കര്‍ഷകര്‍ പ്രക്ഷോഭത്തെ മുതലെടുത്ത് കമ്പനികള്‍ ജിയോക്കെതിരെ പ്രചരണം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. ജിയോയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പരാതിയോട് എയര്‍ടെല്ലിന്റെ പ്രതികരണം. ആരോപണത്തെ തള്ളി വോഡഫോണ്‍ ഐഡിയയും രംഗത്തെത്തിയിട്ടുണ്ട്.

Related posts

Leave a Comment