മുംബൈ: റിലയൻസ് ജിയോ സൗജന്യ വോയ്സ് കോൾ സേവനം അവസാനിപ്പിച്ചു. ജിയോയിൽനിന്നു മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ഉപയോക്താക്കൾ ഇനി മിനിറ്റിന് ആറു പൈസ നൽകേണ്ടി വരും.
ട്രായ് ഐയുസി (ഇന്റർകണക്ട് യുസേജ് ചാർജ്) നിബന്ധന കർശനമാക്കിയതോടെയാണു മറ്റു നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ഉപഭോക്താക്കളും പണം നൽകേണ്ട സാഹചര്യം ഉടലെടുത്തത്. വോയ്സ് കോളുകൾക്കായി കന്പനി പുതിയ ടോപ്അപ് വൗച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, ജിയോ നെറ്റ്വർക്കിലേക്കുള്ള വോയ്സ് കോളുകളും ഇൻകമിംഗ് കോളുകളും സൗജന്യമായി തുടരും.
2017-ൽ ട്രായ് ഐയുസി മിനിറ്റിന് 14 പൈസയിൽനിന്ന് ആറ് പൈസയാക്കി കുറച്ചിരുന്നു. 2020 ജനുവരിയിൽ ഇത് പൂർണമായി അവസാനിപ്പിക്കുമെന്നു ട്രായ് വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യമായാണു ജിയോ ഉപയോക്താക്കൾ വോയ്സ് കോളുകൾക്ക് പണം നൽകുന്നത്. നിലവിൽ ഡാറ്റയ്ക്കു മാത്രമാണു ജിയോ പണം ഈടാക്കിയിരുന്നത്. അതേസമയം, വോയ്സ് കോളുകൾക്ക് നഷ്ടപ്പെടുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ ജിയോ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരമായി നൽകുമെന്ന് കന്പനി പത്രക്കുറിപ്പിൽ അറിയിച്ചു.