മുംബൈ: റിക്കാർഡ് ലാഭവുമായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, സെപ്റ്റംബർ 30 നവസാനിച്ച ത്രൈമാസം കന്പനി 11,262 കോടി രൂപയുടെ അറ്റാദായം ഉണ്ടാക്കി.പെട്രോളിയം ബിസിനസിലും ടെലികോമിലും റീട്ടെയിൽ ശൃംഖലയിലും ലാഭത്തോത് വർധിച്ചതാണ് കന്പനിയെ സഹായിച്ചത്.
തലേവർഷം ഇതേ ത്രൈമാസത്തിൽ 9516 കോടി രൂപയായിരുന്ന അറ്റാദായമാണ് 18.6 ശതമാനം വർധിച്ചത്. മൊത്തവരുമാനം 1,63,854 കോടി രൂപയായി വർധിച്ചു. വർധന 4.8 ശതമാനം. നികുതിക്കു മുന്പുള്ള ലാഭം 15.5 ശതമാനം വർധിച്ച് 25,820 കോടി രൂപയായി.
ടെലികോം വിഭാഗമായ റിലയൻസ് ജിയോയുടെ വരുമാനം 33.7 ശതമാനം വർധിച്ച് 12,345 കോടി രൂപയായി. അറ്റാദായം 45.4 ശതമാനം ഉയർന്ന് 990 കോടി രൂപയിലെത്തി. റിലയൻസ് റീട്ടെയിലിനു നികുതിക്കു മുന്പുള്ള ലാഭം 13 ശതമാനം കൂടി 2322 കോടി രൂപയായി.
വിപണിമൂല്യം 9,05214 കോടി
കന്പനിയുടെ ഓഹരികൾ ഇന്നലെ ഗണ്യമായ നേട്ടമുണ്ടാക്കുകയും കന്പനിയുടെ വിപണിമൂല്യം (മുഴുവൻ ഓഹരികളുടെയും കൂടി വില) ഒന്പതുലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു. ഓഹരിവില രണ്ടുശതമാനം ഉയർന്ന് 1428 രൂപയിലെത്തിയപ്പോൾ മൊത്തം വിപണിമൂല്യം 9,05214 കോടി രൂപയിലെത്തി. പിന്നീട് ഓഹരിവില താണപ്പോൾ വിപണിമൂല്യം 8.97 ലക്ഷം കോടിയായി. വിപണിമൂല്യം ഒന്പതുലക്ഷം കോടി കടന്ന ആദ്യ ഇന്ത്യൻ കന്പനിയായി റിലയൻസ്.