കൊച്ചി: ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് ജിയോയും എസ്ബിഐയും കൈകോർക്കുന്നു. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ യോനോയും റിലയൻസിന്റെ ജിയോ പേമെന്റ്സ് ബാങ്കുമാണ് ഉപയോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നല്കുന്നതിനായി ഒരുമിക്കുന്നത്.
എസ്ബിഐ റിവാർഡ്സ്, ജിയോ പ്രൈം എന്നിവ യോജിക്കുന്നതോടെ എസ്ബിഐ ഉപയോക്താക്കൾക്ക് റിലയൻസ്, മൈ ജിയോ എന്നിവ നല്കുന്ന അധിക ലോയൽറ്റി റിവാർഡുകളും ലഭ്യമാകും. നെറ്റ്വർക്ക് സേവനം, ഡിസൈനിംഗ്, കണക്ടിവിറ്റി എന്നീ രംഗങ്ങളിൽ ജിയോ ആയിരിക്കും എസ്ബിഐയുടെ പങ്കാളി.
എസ്ബിഐ ചീഫ് ഡിജിറ്റൽ ഓഫീസറും സ്ട്രാറ്റജി വിഭാഗം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ മൃത്യുഞ്ജയ് മഹാപാത്ര, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചീഫ് ഫിനാൻസ് ഓഫീസർ അലോക് അഗർവാൾ എന്നിവർ ഡിജിറ്റൽ പ്ലാറ്റ്ഫോം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാപത്രം കൈമാറി. എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി എന്നിവരും പങ്കെടുത്തു.