കോഴിക്കോട്: മിശ്ര വിവാഹത്തിനെതിരേ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി നടത്തിയ പ്രസ്താവന തള്ളാതെ മുസ് ലിം ലീഗ്. മിശ്രവിവാഹത്തെ മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്നും ജിയോ ബേബിയെ പിന്തുണയ്ക്കുന്ന സിപിഎം ബഹുഭാര്യത്വത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പി.എം. എ. സലാം ആവശ്യപ്പെട്ടു.
ഇന്നലെ കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.എം.എ. സലാം. മിശ്രവിവാഹങ്ങൾക്ക് പാർട്ടി ഓഫീസുകൾ വേദിയായ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാസർ ഫൈസിയുടെ നിലപാടുകളെ മുസ്ലിംലീഗ് പിന്തുണയ്ക്കുന്നത്. ഏതെങ്കിലും വാക്കുകളിൽ പിടിച്ച് വിഷയത്തെ തിരിച്ച് വിടണ്ട. മിശ്രവിവാഹങ്ങളെ മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല. ജിയോ ബേബിയുടെ നിലപാടുകളിലും എതിർപ്പുണ്ട്. ഫറൂഖ് കോളജിലെ പരിപാടിയിൽനിന്നു വിട്ട് നിൽക്കാനുള്ള എം എസ് എഫ് തീരുമാനത്തിലും തെറ്റില്ലെന്നും സലാം പറഞ്ഞു.