കഴിഞ്ഞ മാസം 24ന് പുലർച്ചെയായിരുന്നു ആദ്യ ഷെല്ലിംഗ്. യൂണിവേഴ്സിറ്റിക്കടുത്ത ഫ്ളാറ്റിലായിരുന്നു ജിയോജിത്തും കൂട്ടരും. കെട്ടിടം കുലുങ്ങിയുള്ള ശബ്ദത്തിൽ എല്ലാവരും പകച്ചുനിന്നു.
ധൈര്യം സംഭരിച്ച് കിട്ടാവുന്ന അത്യാവശ്യ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് പുറത്തേക്ക് ഓടി. അധികദൂരമല്ലാത്ത 100 അടിയോളം താഴ്ചയുള്ള മെട്രോ സ്റ്റേഷനിലേക്കായിരുന്നു ഓട്ടം.
അവിടെ മൂന്നു ദിവസം കഴിഞ്ഞു. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ വരുന്ന സഹിക്കാനാവാത്ത തണുപ്പും ഉറങ്ങാത്തതിന്റെ തളർച്ചയും ഭക്ഷണം ഇല്ലാത്തതും എല്ലാവരേയും മാനസികമായും തളർത്തി.
കർഫ്യൂവിൽ ഇളവ് അനുവദിക്കുന്പോൾ പുറത്തുകടന്ന് കടകൾക്കു മുന്നിൽ മണിക്കൂറുകളോളം വരിനിന്ന് കിട്ടുന്ന ഭക്ഷണസാധനങ്ങൾ വാങ്ങി കരുതിവച്ചു.
ഈ സമയമാണ് ജിയോജിത്ത് പഠിക്കുന്ന കോളജിലെ കർണാടക സ്വദേശിയുടെ മരണമുണ്ടാകുന്നത്.യുക്രെയ്നിലെ ഗുരുതരാവസ്ഥയറിഞ്ഞ വീട്ടുകാർക്കും ഭയപ്പാട് കൂടി.
ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതി പല ദിവസങ്ങളിലും പേടി കൂട്ടിയതായി ജോർജ് പറഞ്ഞു.ഖാർക്കീവിൽ മിസൈലാക്രമണവും ഷെല്ലാക്രമണവും രൂക്ഷമായതോടെ എല്ലാ ആളുകളും ഖാർക്കീവ് വിടണമെന്ന നിർദേശം വന്നു.
പിന്നെ രണ്ടും കല്പിച്ച് മറ്റുള്ളവർക്കു ധൈര്യം നല്കി കിലോമീറ്ററുകൾ നടന്ന് പിസോച്ചിൻ എന്ന സ്ഥലത്തെ റെയിൽവെ സ്റ്റേഷനിലെത്തി. അവിടേയും ദുരിതങ്ങൾക്കു കുറവുണ്ടായില്ല.
ട്രെയിനിൽ കയറാൻ ഓടിച്ചെല്ലുന്പോൾ അവിടത്തെ പോലീസുകാർ തോക്കുചൂണ്ടി മാറിപ്പോകാൻ ആവശ്യപ്പെടും. യുക്രെയ്നികൾക്കായിരുന്നു യാത്രയ്ക്ക് മുൻഗണന.
തിരക്ക് കൂടിയതോടെ ആകാശത്തേക്കു വെടി ഉതിർത്തായിരുന്നു പോലീസുകാർ ജനത്തെ നിയന്ത്രിച്ചിരുന്നത്. മൂന്നു ദിവസത്തെ ശ്രമഫലമായിട്ടായിരുന്നു ട്രെയിനിൽ കയറിക്കൂടിയത്.
ഒരു ദിവസം മുഴുവൻ നിന്നനിൽപ്പിലുള്ള യാത്ര. അതിർത്തിയായ ഹംഗറിയിലെത്തിയപ്പോഴും എമിഗ്രേഷൻ ക്ലിയറൻസിനായി ഒരു ദിവസം മുഴുവൻ ക്യു നിന്ന് അവശനായതായും ജിയോജിത്ത് പറഞ്ഞു.
ഹംഗറി അതിർത്തിയിൽ ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നത് ഏറെ ആശ്വാസമായി. അവിടെ നിന്നും ന്യൂഡൽഹി വഴിയാണ് നെടുന്പാശേരിയിലെത്തിയത്.