കോട്ടയം: മലേഷ്യന്‍ ഇന്റര്‍നാഷണല്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ആദ്യമായി മലയാളി സംഘം.
ലോകത്തെ അതിസാഹസികമായ ഓഫ് റോഡ് റേസില്‍ മൂന്നാം സ്ഥാനത്തുള്ള മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ കോട്ടയം വാഴൂര്‍ മാഞ്ഞൂരാന് ഹൗസില്‍ ആനന്ദ് മാഞ്ഞൂരാനും സഹഡ്രൈവറും നാവിഗേറ്ററുമായ എറണാകുളം സ്വദേശി വിഷ്ണുരാജുമാണ് കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനവുമായി പങ്കെടുക്കുന്നത്.
കെഎല്‍ 05 എഎം 1810 എന്ന സുസുക്കി ജിപ്സിയിലാണ് ഇവര്‍ ചീറിപ്പായുന്നത്. ഇന്ത്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ 2019ലും 2021ലും ഫസ്റ്റ് റണ്ണറപ്പായതിനാലാണ് ആനന്ദിനു മലേഷ്യന്‍ റെയ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ മലയാളികള്‍ പങ്കെടുക്കുന്നതും ഇന്ത്യന്‍ വാഹനം ഉപയോഗിക്കുന്നതും ആദ്യമാണ്.
കൊച്ചിയില്‍നിന്നും കപ്പലില്‍ മലേഷ്യയിലേക്കു അയച്ച കാര്‍ 16ന് അവിടെയെത്തും. മലേഷ്യയിലെ കാനനവഴികളിലുടെ 10 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 26 ഘട്ടങ്ങളാണുള്ളത്.
ക്വലാലംപൂരില്നിന്നു 450 കിലോമീറ്റര്‍ അകലെയുള്ള കാടിനുള്ളിലാണ് റേസ് നടക്കുന്നത്. 12 രാജ്യങ്ങളില്‍നിന്നായി നാൽപ്പതില്‍പ്പരം റേസിംഗ് താരങ്ങളാണ് മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചാലഞ്ചില്‍ പങ്കെടുക്കുന്നത്.
ആനന്ദും വിഷ്ണുരാജും 24നു മലേഷ്യയില്‍ എത്തിച്ചേരും. മലേഷ്യന്‍ ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചിന് 25ന് ഔദ്യോഗികമായി തുടക്കമാവും.
27നു മലേഷ്യന്‍ പ്രധാനമന്ത്രി റെയ്ന്‍ ചലഞ്ച് ഫ്ളാഗ് ഓഫ് ചെയ്യും. 30 മുതല്‍ ഡിസംബര്‍ 10 വരെയാണ് റേസിംഗ് മത്സരങ്ങള്‍ നടക്കുക.