ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ സംവിധായകനാണ് ജിസ് ജോയ്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സംവിധായകന് ജിസ് ജോയിയുടെ അടുത്ത ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു.
നായകന് പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും ആ ചിത്രത്തിന് ‘ചാള നോട്ട് എ ഫിഷ്’ എന്ന പേരിട്ടു എന്നുമായിരുന്നു പ്രചരണം.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ചിത്രം നിര്‍മിക്കുന്നുവെന്നാണ് പോസ്റ്ററില്‍ പറയുന്നത്. വളരെ വേഗത്തിലാണ് ആ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അതൊരു തെറ്റായ വാര്‍ത്തയാണെന്നു പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് ജിസ് ജോയ്.
ഇതൊരു ഇന്റര്‍നാഷണല്‍ ഫേക് ന്യൂസ് ആണെന്ന് പറഞ്ഞ ജിസ് ജോയ്, തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്റെ പേര് തിമിംഗലം എന്നെങ്കിലും ആക്കാമായിരുന്നു എന്നും പറയുന്നു.
ഏതായാലും ജിസ് ജോയിയുടെ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു.ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവരെ നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനത്തിലാണ് ജിസ് ജോയ് ഇപ്പോള്‍.