കൊച്ചി: നിയമവിദ്യാർഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസിൽ നാളെ വിധി പറയും. എറണാകുളം സെഷൻസ് കോടതിയിൽ വിചാരണ പൂർത്തിയാക്കിയ കേസിൽ ജഡ്ജി അനിൽകുമാറാണ് വിധി പ്രസ്താവിക്കുന്നത്. ആസം സ്വദേശി അമീർ ഉൾ ഇസ്ലാമാണ് കേസിലെ ഏക പ്രതി. 2016 ഏപ്രിൽ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുന്പാവൂർ ഇരിങ്ങോൾ കനാൽ പുറന്പോക്കിലെ വീട്ടിൽ വച്ച് ജിഷയെ അമീറുൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നരമാസം നീണ്ടഅന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
അടച്ചിട്ട കോടതി മുറിയിൽ 74 ദിവസമാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്. തുടർന്ന് തുറന്ന കോടതിയിലും വിചാരണ നടന്നു. അന്വേഷണ സംഘാംഗങ്ങൾ, പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക്, ഡിഎൻഎ വിദഗ്ധർ എന്നിവർ ഉൾപ്പെട്ട 104 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 15 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.
അമീറുൾ കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്ന സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷൻ ഹാജരാക്കി. ജിഷയുടെ സഹോദരി ദീപ, ക്രൈംബ്രാഞ്ച് എസി പി.എൻ. ഉണ്ണിരാജ, ആലുവ സിഐ വിശാൽ ജോണ്സണ്, കുറുപ്പംപടി എസ്ഐ സുനിൽ തോമസ്, സിപിഒ ഹബീബ് എന്നിവരെയും വിസ്തരിച്ചിരുന്നു.
ജിഷയുടെ അച്ഛൻ പാപ്പു മരിച്ചതിനാൽ സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.യുഡിഎഫ് സർക്കാരിന്റെ അവസാനകാലം സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസ് കൂടിയായിരുന്നു ജിഷയുടെ കൊലപാതകം. ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് ക്രൂരതയെക്കുറിച്ച് ലോകം അറിയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാധ്യമങ്ങൾ വഴി പുറത്തുവരികയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ശേഷമാണ് പോലീസ് ഇതേക്കുറിച്ച് കാര്യമായ അന്വേഷണം നടത്തിയതു തന്നെ.