തൃശൂര്‍: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടി കോടതിയില്‍ കേസ് വാദിക്കാന്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബി.എ. ആളൂര്‍ രംഗത്ത്. കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമീറുളുമായി അടുപ്പമുള്ളവര്‍ തന്നെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു.
വക്കാലത്ത് ഒപ്പിട്ടു വാങ്ങുന്നതിനും അമീറുളുമായി സംസാരിക്കാനുമായി ഇന്നലെ ഉച്ചകഴിഞ്ഞ് ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയെങ്കിലും അനുമതി നിഷേധിച്ചു. സുരക്ഷാകാരണങ്ങളാല്‍ അനുമതി നല്‍കാനാവില്ലെന്നാണു കാക്കനാട്ടെ ജയില്‍ സൂപ്രണ്ട് തന്നോടു പറഞ്ഞതെന്ന് അഡ്വ. ബി.എ. ആളൂര്‍ വ്യക്തമാക്കി.
ഇന്നു പെരുമ്പാവൂരില്‍ എത്തിക്കുന്ന പ്രതിയെ കണ്ടു സംസാരിക്കാനും വക്കാലത്ത് ഒപ്പിട്ടുവാങ്ങുന്നതിനും അനുമതി വേണമെന്ന് ആവശ്യപ്പെട്ട് രാവിലെ കോടതിയില്‍ അപേക്ഷ നല്‍കും. തടവുകാരനെ കാണാനോ സംസാരിക്കാനോ അനുമതി നിഷേധിക്കുന്നതു നിയമലംഘനമാണ്. അഭിഭാഷകന്റെ സഹായവും ആശയവിനിമയവും പ്രതിയുടെ അവകാശമാണ്. ഇതു നിഷേധിക്കുന്ന നിലപാടാണ് ജയില്‍ അധികാരികള്‍ കൈക്കൊണ്ടതെന്ന് ബി.എ. ആളൂര്‍ പറഞ്ഞു.
പ്രതിക്ക് അഭിഭാഷകന് ഇല്ലാതിരുന്നതിനാല്‍ കോടതിതന്നെ അഭിഭാഷകന്റെ സേവനം ഏര്‍പ്പെടുത്തിയിരുന്നു. കോടതി നിയോഗിച്ച അഡ്വ. പി. രാജന് അമീറുളിനെ നേരില്‍ കണ്ട് സംസാരിക്കുകയും വക്കാലത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ അമീറുളിന്റെ അഭിഭാഷകനായ അഡ്വ. രാജനേയും താന്‍ കാണുമെന്ന് ബി.എ. ആളൂര്‍ പറഞ്ഞു.
സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് അഡ്വ. ബി.എ. ആളൂര്‍. സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും ഇതര സംസ്ഥാനങ്ങളിലെ കോടതികളിലും ഹാജരാകുന്ന അഭിഭാഷകനാണിദ്ദേഹം. ഹിന്ദി അടക്കമുള്ള ഭാഷകള്‍ കൈകാര്യം ചെയ്യും.