കൊച്ചി: പെരുമ്പാവൂര്‍ നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമിറുൾ ഇസ്ലാം നൽകിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
2016 ഏപ്രില്‍ ആയിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാർഥിനി അതി ക്രൂരമായി കൊല്ലപ്പെട്ടത്. യുവതി പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16ന് അസം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ പിടികൂടുകയായിരുന്നു. സംഭവശേഷം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നു കളയുകയായിരുന്നു പ്രതി. അവിടെയെത്തി ഊരും പേരുമാറ്റി കാർ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.