മാന്നാർ:കോവിഡ് കാലത്തെ പുണ്യപ്രവൃത്തികൾ ധാരാളം കണ്ട മലയാളികൾക്ക് വേറിട്ടൊരു സന്ദേശം ഉയർത്തിയ കുഞ്ഞ് മാലാഖ ശ്രദ്ധേയമായി.
കാൻസർ രോഗികൾക്ക് താൻ പരിപാലിച്ച് വളർത്തിയെടുത്ത മുടി പൂർണമായും മുറിച്ചുനൽകിയാണ് ഒരു വിദ്യാർഥിനി കോവിഡ് കാലത്ത് ശ്രധേയമായത്.
മാന്നാർ മുല്ലശേരി തോപ്പിൽമാലിക് ജോസഫ് ജോണിന്റെയും പ്രമീളയുടെയും ഇളയ മകൾ ജിഷാ എയ്ഞ്ചൽ ജോസഫാണ് മുടി മുറിച്ച് നൽകി മാതൃക കാട്ടിയത്.
ഒരു സ്ത്രീയുടെ സൗന്ദര്യസങ്കൽപ്പമായി കരുതുന്ന മുടിയുടെ പരിപാലനത്തിനായി പുത്തൻ തലമുറ എത്ര രൂപ വേണമെങ്കിലും മുടക്കുകയും കേശാലങ്കാരത്തിനായി ബ്യൂട്ടി പാർലറുകൾ കയറിയിറങ്ങുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് എയ്ഞ്ചൽ തന്റെ മുടി മുറിച്ച് നൽകിയത്.
എംബിഎ വിദ്യാർത്ഥിനിയായ ജിഷാ എയ്ഞ്ചൽ കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ആർക്കെങ്കിലും സഹായം ചെയ്യണമെന്ന് വിചാരിച്ചിരിക്കുന്പോഴാണ് ക്യാൻസർ രോഗികൾക്ക് മുടി വേണമെന്ന ആവശ്യം ഫേസ് ബുക്കിലൂടെ അറിയുന്നത്.
തുടർന്ന് താൻ പരിപാലിച്ചിരുന്ന കേശം ഇവർക്ക് നൽകുവാൻ തീരുമാനിക്കുകയായിരുന്നു.തന്റെ ആഗ്രഹം മാതാപിതാക്കൾ സമ്മതിച്ചതോടെ പിന്നീട് ഒന്നും ആലോചിക്കാതെ മുടി മുറിച്ച് നൽകുകയായിരുന്നു.ജിഷയുടെ പുണ്യ പ്രവർത്തിയിൽ നിരവധി സംഘടനകളും വ്യക്തികളും ജിഷയുടെ ഭവനത്തിൽ എത്തി അനുമോദിച്ചു.