റിയാസ് കുട്ടമശേരി
2016 ഏപ്രിൽ 28. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വട്ടോളിപ്പടി കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന നിയമ വിദ്യാർഥിനിയായ ഇരുപത്തിയൊമ്പതുകാരി പെൺകുട്ടി അതിദാരുണമായി കൊല്ലപ്പെട്ട കറുത്ത ദിനം.
അമ്മയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. കേരള രാഷ്ട്രീയത്തെപ്പോലും പിടിച്ചുകുലുക്കിയ പ്രമാദമായ വധക്കേസ് പിന്നീട് വിവാദങ്ങളുടെ കൊടുംകാറ്റായി.
സംസ്ഥാന പോലീസിന്റെ ക്രൈം ഫയലിൽ തെളിയാതെ പോകുന്ന അസ്വഭാവിക മരണങ്ങളുടെ പട്ടികയിൽ എഴുതി തള്ളേണ്ടിയിരുന്ന ഈ കേസ് പുറംലോകമറിയുന്നത് സഹപാഠികളുടെയും സമൂഹമാധ്യമങ്ങളുടെയും ദളിത് സംഘടനകളുടെയും ശക്തമായ ഇടപെടലിലൂടെയായിരുന്നു.
ആദ്യം ആരും കാര്യമായി ഗൗനിക്കാതിരുന്ന ഈ കൊലപാതകം ഇന്നും കേരള മനസാക്ഷിക്കു മുന്നിൽ ഒരു സപാട് ചോദ്യങ്ങളുയർത്തി ദുരൂഹമായി ശേഷിക്കുന്നു.
കൊന്നത് കണ്ണിൽ ചോരയില്ലാതെ
ക്രൂരമായ മാനഭംഗം, കൊടിയ പീഡനം. ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം മുപ്പതിലേറെ. പിടഞ്ഞൊടുങ്ങിയാണ് ആ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. മാനഭംഗവും മൃഗീയ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സാക്ഷ്യപ്പെടുത്തി.
കേസിന് ഗൗരവമേറിയതോടെ അഞ്ച് ഡിവൈഎസ്പിമാർ പത്തു സി ഐമാർ എന്നിവരടങ്ങിയ 80 അംഗ അന്വേഷണ സംഘം കുറ്റവാളിക്കായി രംഗത്തിറങ്ങി. അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഹൈക്കോടതിയും ആവശ്യപ്പെട്ടു.
തലയിണയ്ക്ക് കീഴിൽ വാക്കത്തി കരുതിക്കൊണ്ടാണ് പെൺകുട്ടി സ്വന്തം വീട്ടിൽ അന്തിയുറങ്ങിയിരുന്നതെന്ന ഇൻക്വസ്റ്റ് തെളിവും റിപ്പോർട്ടാക്കി. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖ ചിത്രം പുറത്തുവിട്ടു. ഡിഎൻഎ റിപ്പോർട്ടും ലഭിച്ചതോടെ അന്വേഷണം കൂടുതൽ ഊർജിതമായി.
പ്രതിയെ വലയിലാക്കി പോലീസ്
ഒന്നര മാസത്തോളം കേരളത്തെ മുൾമുനയിൽ നിർത്തിയ ഏക പ്രതിയെ 2016 ജൂൺ 14നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.
തമിഴ്നാട്-കേരള അതിർത്തിയിൽ നിന്നും ഏറെ സാഹസികമായി കുടുക്കുകയായിരുന്നു. കൊലയാളി അസം സ്വദേശി അമീറുൽ ഇസ്ലാം.പെൺകുട്ടിയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിലാണ് പ്രതിയായ ഇയാൾ താമസിച്ചിരുന്നത്.
വിലമതിച്ച ശാസ്ത്രീയ തെളിവുകൾ
ദൃക്സാക്ഷിയില്ലാത്ത കേസിൽ പ്രതിയെ കണ്ടെത്തുന്നതും കുറ്റം തെളിയിക്കുന്നതും അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ കീറാമുട്ടിയായി. എന്നാൽ ശാസ്ത്രീയ തെളിവുകൾ ഇവർക്ക് ഏറെ ഗുണകരമായി.
നിർണായകമായ ആറ് ശാസ്ത്രീയ തെളിവുകളിലൂടെ പോലീസ് പ്രതി അമീറുൽ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുകയായിരുന്നു.പെൺകുട്ടിയുടെ വീട്ടിലെ വാതിലിൽ കണ്ട രക്തക്കറയിലൂടെ ആദ്യം പ്രതിയുടെ ഡിഎൻഎ തിരിച്ചറിയാനായി.
കൂടാതെ ജിഷയുടെ നഖത്തിനുള്ളിൽ നിന്നും ലഭിച്ച പ്രതിയുടെ ഡിഎൻഎ, വസ്ത്രത്തിൽ നിന്നു ശേഖരിച്ച ഉമിനീരിന്റെ അംശം, കൊലയ്ക്കുപയോഗിച്ച കത്തിയിൽ നിന്നു കിട്ടിയ ഡിഎൻഎ, മരണവെപ്രാളത്തിനിടയിൽ പ്രതിയുടെ കൈയിൽ കടിച്ചപ്പോൾ വന്ന രക്തം, ചെരുപ്പിലെ രക്തകറ, അമീറുലിന്റെ ചെരുപ്പിനടിയിലെ മണ്ണ് ജിഷയുടെ വീടിന്റെ പരിസരത്തു നിന്നുള്ളതാണെന്ന കണ്ടെത്തലടക്കമുള്ള ശാസ്ത്രീയ തെളിവുകൾ കേസന്വേഷണത്തിൽ നിർണായകമായി.
ഇനിയും ദുരുഹതയുടെ ചുരുളഴിക്കാനാകാതെ പെരുന്പാവൂരിലെ പാവം പെൺകുട്ടിയുടെ വധക്കേസ് അഞ്ചാണ്ട് പിന്നിടുകയാണ്.