കൊച്ചി: പെരുന്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ് ലാമിനെ കോടതി നേരിട്ടു ചോദ്യംചെയ്യുന്ന നടപടി പൂർത്തിയായി. രണ്ടു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ 921 ചോദ്യങ്ങളാണു കോടതി പ്രതിയോടു ചോദിച്ചത്.
ദ്വിഭാഷിയുടെ സഹായത്തോടെ മലയാളത്തിലെ ചോദ്യങ്ങൾ ഹിന്ദിയിലേക്കു മൊഴി മാറ്റിയിരുന്നു. ആരോപണങ്ങൾ മുഴുവൻ പ്രതി നിഷേധിച്ചു. ഇന്നു തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കുറ്റവിമുക്തനാക്കാവുന്ന സിആർപിസി 212-ാം വകുപ്പിന്മേലുള്ള വാദമാവും നടക്കുക. പ്രതിഭാഗത്തുനിന്നു സാക്ഷികളുണ്ടെങ്കിൽ അവരെയും വിസ്തരിക്കും.
പ്രോസിക്യുഷൻ വിസ്തരിച്ച 100 സാക്ഷികളിൽ അമീറുള്ളിന്റെ സഹോദരൻ ബദറുൾ ഇസ് ലാം മാത്രമാണു കൂറുമാറിയത്. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച 290 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചിരുന്നു. 2016 ഏപ്രിൽ 28നു വൈകീട്ട് 5.30നും ആറിനുമിടയിൽ പെരുന്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറന്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്. വാദങ്ങൾ പൂർത്തിയാക്കി ഈ വർഷം തന്നെ കേസിൽ വിധി പറഞ്ഞേക്കും.