കൊച്ചി: പെരുന്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു നിലവിലെ വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു ജിഷ ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജിഷയുടെ വധവുമായി ബന്ധപ്പെട്ട് അമീറുൾ ഇസ് ലാമിനു നൽകിയ വധശിക്ഷ സ്ത്രീസുരക്ഷയ്ക്കു സഹായകവും കുറ്റവാളികൾക്കുള്ള ശക്തമായ താക്കീതുമാണ്. എന്നാൽ, ജിഷയ്ക്കു നീതി ലഭിച്ചെന്നു വിശ്വസിക്കുന്നില്ല. അമീറുൾ തന്നെയാണു പ്രതിയെന്നു കരുതിയാലും കൂട്ടുപ്രതികളുണ്ടെന്ന വാദം ശക്തമാണ്. അതിനാൽ പുനരന്വേഷണം വേണമെന്നു ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ കൗണ്‍സിൽ പ്രതിനിധികളായ സി.കെ. സെയ്തുമുഹമ്മദാലി, ഇസ്മായിൽ പള്ളിപ്രം, ഒർണ്ണ കൃഷ്ണൻകുട്ടി, ലൈല റഷീദ്, അന്പിളി ഓമനക്കുട്ടൻ, സുൽഫിക്കർ അലി എന്നിവർ പങ്കെടുത്തു.