കൊച്ചി: നിയമ വിദ്യാർഥിനിയായിരുന്ന പെരുന്പാവൂർ കുറുപ്പംപടി സ്വദേശിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ അന്തിമ വാദം ഇന്നു പൂർത്തിയാവും. നാലു ദിവസമായി തുടരുന്ന പ്രതിഭാഗം വാദം ഇന്നലെ കോടതിയിൽ പൂർത്തിയായെങ്കിലും പ്രതിഭാഗത്തിനും പ്രോസിക്യൂഷനും അന്തിമമായി തങ്ങളുടെ വാദഗതികൾ ഉയർത്തികാണിക്കാൻ കോടതി ഇന്നു കൂടി സമയം അനുവദിക്കുകയായിരുന്നു. ഇന്നു ഉച്ചയ്ക്കു ശേഷം രണ്ടു മുതലുള്ള വാദം കേൾക്കലിനു ശേഷം കോടതി ജിഷ കേസിൽ എന്നു വിധി പറയുമെന്ന ദിവസം പ്രഖ്യാപിക്കും. നേരത്തേ പ്രതിഭാഗത്തുനിന്നും പ്രോസിക്യൂഷൻ ഭാഗത്തുനിന്നുമായി നൂറിലേറെ സാക്ഷികളെ കോടതി മുന്പാകെ വിസതരിച്ചിരുന്നു. ഇതിനു ശേഷമാണ് അന്തിമ വാദത്തിലേക്കു നീങ്ങിയത്. 2016 ഏപ്രിൽ 28 നാണ് കുറുപ്പംപടിയിലെ ഒറ്റമുറി വീട്ടിൽ ജിഷ ദാരുണമായി കൊല ചെയ്യപ്പെട്ടത്.
കുറുപ്പംപടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്നു പ്രതിഷേധങ്ങൾ ശക്തമായതോടെ അന്വേഷണം ഉൗർജിതമായി. ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംഭവം നടന്ന് ആറാം ദിവസമാണു വെളിപ്പെടുത്തുന്നത്. ഇതിനു ശേഷം രാഷ്ട്രീയപരമായും മറ്റും ഏറെ വിവാദങ്ങളിലേക്കാണ് ജിഷ കേസ് പോയത്. ക്രൂരമായ ആക്രമണവും പീഢനവും മൂലമാണു മരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ജിഷയുടെ ശരീരത്തിൽ 38 മുറിവുകളേറ്റതായും റിപ്പോർട്ടിൽ പരാമർശമുണ്ടായി.
ജിഷയുടെ വീടിനു സമീപത്തുനിന്നു ലഭിച്ച ചെരുപ്പുകൾ, പ്രതിയുടേതെന്നു സംശയിക്കുന്ന ഡിഎൻഎ സാന്പിൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് പിന്നീട് നടത്തുന്നത്. ഇതിനിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാരിന് അധികാരം നഷ്ടമായി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെ എഡിജിപി ബി. സന്ധ്യയുടെ മേൽനോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണച്ചുമതല ഏറ്റെടുത്തു. തുടർന്നു വീണ്ടും രേഖാ ചിത്രം തയാറാക്കുകയും റോഡുകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടു പോവുകയും ചെയ്തു. ജൂണ് 15നാണു ജിഷ വധക്കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്. പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പ് കുറുപ്പംപടിയിലെ ഒരു കടയിൽ നിന്നു വാങ്ങിയതാണെന്നു പോലീസ് കണ്ടെത്തി. കടയുടമയെ പോലീസ് ചോദ്യം ചെയ്തു.
തൊട്ടടുത്ത ദിവസം ജിഷയുടെ കൊലയാളി ആസാം സ്വദേശി അമീറുൾ ഇസലാം തഞ്ചാവൂരിൽ പോലീസ് പിടിയിലായി. ഡിഎൻഎ പരിശോധനയിലും ഇയാൾ പ്രതിയാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചതായും പോലീസ് സ്ഥിരീകരിച്ചു. 2016 സെപ്റ്റംബർ 17ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജിഷ കേസിലെ കുറ്റപത്രം സമർപ്പിച്ചു. അമീറുൾ ഇസലാം ഒറ്റയ്ക്കാണ് കുറ്റകൃത്യം നടപ്പാക്കിയതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ നവംബർ 16ന് കേസിലെ അന്തിമ വാദം കോടതിയിൽ തുടങ്ങി. കേസിൽ അറസ്റ്റിലായ അമീറുൾ ഇസലാമിനെതിരേ ശാസത്രീയ, സാഹചര്യ തെളിവുകൾ ഹാജരാക്കിയാണ് പ്രോസിക്യൂഷൻ വിചാരണ നടത്തിയത്. എന്നാൽ, ഈ വാദങ്ങളെ എതിർത്തുകൊണ്ടും ശാസ്ത്രീയ തെളിവുകളുടെ സാധുതയെ ചോദ്യം ചെയതുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.