കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ ശിക്ഷ ബുധനാഴ്ച വിധിക്കും. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ദേശീയതലത്തിൽത്തന്നെ ഏറെ ചർച്ചയായ കേസിൽ ആസാം നാഗോണ് സ്വദേശിയായ അമീറുൾ മാത്രമാണ് പ്രതി.
പ്രോസിക്യൂഷൻ ആരോപിച്ച കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ, ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ തുടങ്ങിയ കുറ്റങ്ങൾക്കാണു പ്രതി വിചാരണ നേരിട്ടത്. ഇതിൽ, കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി ശരിവച്ചു. ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ഇതു തെളിയിക്കാൻ പോലീസ് ഡിഎൻഎ പരിശോധനാ റിപ്പോർട്ടുകൾ, കൊലയ്ക്കുപയോഗിച്ച ആയുധം, പ്രതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി, ജിഷയുടെ അയൽവാസിയായ ശ്രീലേഖയുടെ മൊഴി എന്നിവയാണു ഹാജരാക്കിയത്.
എന്നാൽ, ഈ തെളിവുകളൊന്നും പ്രതിക്കെതിരായ ആരോപണം തെളിയിക്കാൻ പര്യാപ്തമല്ലെന്നും സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 291 രേഖകളും 36 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് അഞ്ച് സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കു മലയാളമോ ഇംഗ്ലീഷോ അറിയാത്തതിനാൽ അതിർത്തിരക്ഷാ സേനയിലെ ഡെപ്യൂട്ടി കമൻഡന്റ് കെ.പ്രസാദിനെ ദ്വിഭാഷിയായി ചുമതലപ്പെടുത്തിയാണു കോടതി വിചാരണ നടത്തിയത്.