പെരുന്പാവൂർ: ജിഷയെ കൊലപ്പെടുത്തിയത് അമീറുൾ ഒറ്റയ്ക്കാണോ എന്നതിൽ സംശയമുണ്ടെന്ന് ജിഷയുടെ മാതാവ് രാജേശ്വരി. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. പെരുന്പാവൂരിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാജേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്.
കൊലപാതകത്തിൽ അമീറുളിന്റെ പങ്ക് കോടതിയിൽ തെളിഞ്ഞതാണെങ്കിലും കൃത്യം ചെയ്തത് അമീർ ഒറ്റയ്ക്കാണോ എന്നതിൽ സംശയമുണ്ട്. കൃത്യമായിതന്നെയാണ് അന്വേഷണം മുന്നോട്ടുപോയതെങ്കിലും പല സംശയങ്ങളും ബാക്കിനിൽക്കുകയാണെന്നും രാജേശ്വരി പറഞ്ഞു.
ജിഷയുടെ കൊലപാതകം അന്വേഷിച്ച പൊലീസ് സംഘം അമീറുൾ മാത്രമാണ് പ്രതിയെന്ന് സ്ഥിതീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി അമീറുളിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന് രാജേശ്വരി ആവശ്യപ്പെടുന്നത്.
അന്വേഷണം പൂർത്തിയായ സമയത്ത് മകളെ കൊലപ്പെടുത്തിയത് അമീറുൾ മാത്രമാണെന്നും മറ്റാർക്കും പങ്കുള്ളതായി സംശയിക്കുന്നില്ലെന്നും രാജേശ്വരി പറഞ്ഞിരുന്നു. എന്നാൽ പുറത്തുനിന്ന് സഹായമില്ലാതെ അമീറുളിനുമാത്രം ഇത്തരം ക്രൂരമായ കൊലപാതകം നടത്താനാകുമോ എന്നതിൽ സംശയമുണ്ടെന്നാണ് രാജേശ്വരിയുടെ ഇപ്പോഴത്തെ വാദം.
മകളുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരും ശിക്ഷിക്കപ്പെടണം സത്യം വെളിച്ചത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ തപാൽ മുഖേന ഹൈക്കോടതിയിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകുമെന്നും രാജേശ്വരി വ്യക്തമാക്കി.