പെരുന്പാവൂർ: മകളുടെ ഘാതകനെ തൂക്കികൊല്ലണമെന്നു ജിഷയുടെ അമ്മ രാജേശ്വരി. പ്രതിക്കു വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ ലഭിക്കരുത്. വിധി എല്ലാവർക്കും പാഠമാകണമെന്നും വിധി കേൾക്കുന്നതിനായി ഇന്നു രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയ രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. ജീവപര്യന്തം ശിക്ഷയായി കുറഞ്ഞാൽ മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതിയായ അമീറിനുവേണ്ടി വാദിക്കാൻ ആളൂർ ഹാജരായതിൽ നിഗൂഢതയുണ്ടെന്നും അമീറും ആളൂരും തമ്മിലുള്ള ബന്ധം വെളിച്ചത്തു കൊണ്ടുവരണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു.
മകളുടെ കൊലപാതക്കേസിൽ നീതിപീഠം ഇന്നു നിർണായക വിധി പറയുന്പോൾ കേൾക്കാൻ പിതാവ് പാപ്പുവില്ല. കേസിലെ 92-ാം സാക്ഷികൂടിയ പാപ്പുവിനെ കഴിഞ്ഞ നവംബർ ഒന്പതിനു വീട്ടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിഷയുടെ കുടുംബവുമായി അകന്നുകഴിയുകയായിരുന്ന പാപ്പുവാണ് മകളുടെ മരണത്തിൽ ആദ്യം സംശയം പ്രകടിപ്പിച്ചത്. മരണത്തിൽ ഉന്നതതല അന്വഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടതും ഇദ്ദേഹം തന്നെ. ആ ആവശ്യവുമായി പാപ്പു കോടതിയെ സമീപിച്ചു. ജിഷയുടെ മരണശേഷം കുടുംബത്തിന് സർക്കാരിൽ നിന്നുൾപ്പടെ വിവിധ സഹായങ്ങൾ ലഭിച്ചിരുന്നെങ്കിലും പാപ്പുവിനെ പരിഗണിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.