വെള്ളമുണ്ട: മാനന്തവാടി തലപ്പുഴ മക്കിമല അത്തിമല കോളനിയിലെ തേൻകുറുമ വിഭാഗത്തിൽപ്പെട്ട ദാമോദരന്റെ മകൾ ജിഷയുടെ (25) തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുന്നു. ജിഷ മാവോവാദികൾക്കൊപ്പമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് തദ്ദേശവാസികൾ നൽകുന്ന സൂചനകളും.
എട്ടാംകാസ് വിദ്യാഭ്യാസമുള്ള ജിഷ മുൻപ് ജില്ലയ്ക്കു പുറത്ത് വീട്ടുജോലിക്കു പോയിരുന്നു. അതിനാൽത്തന്നെ ജിഷയുടെ തിരോധാനം വീട്ടുകാരും നാട്ടുകാരും കാര്യമായി എടുത്തിരുന്നില്ല. അവിവാഹിതയായ ജിഷ മാവോവാദി സംഘത്തിൽ ചേർന്നുവെന്ന സംശയം പിന്നീടാണ് പോലീസിൽ ബലപ്പെട്ടത്. ഒരു വർഷത്തോളമായി ജിഷ മാവോയിസ്റ്റ് സംഘത്തിലാണെന്നാണ് പോലീസിന്റെ അനുമാനം.
തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്കിമല, കന്പമല പ്രദേശങ്ങളിൽ ഏതാനും വർഷത്തിനിടെ മാവോവാദി സാന്നിധ്യം പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. മക്കിമല വനത്തിൽനിന്നു എളുപ്പത്തിൽ ആറളം, കണ്ണവം, മാക്കൂട്ടം, തിരുനെല്ലി, കർണ്ണാടകയിലെ കുടക് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാം.
മാവോവാദി സാന്നിധ്യത്തെക്കുറിച്ചറിഞ്ഞ് മക്കിമലയിലെ ആദിവാസി കോളനികളിൽ പോലീസ് പലവട്ടം അന്വേഷണത്തിനും എത്തിയിരുന്നു. ജിഷയെ പട്ടാളവേഷത്തിൽ കണ്ടതായി ചെറുകിട വിഭവശേഖരണത്തിനു വനത്തിൽ പോയ ആദിവാസികളിൽ ചിലർ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം തുലാപ്പത്ത് ആഘോഷത്തിന്റെ ഭാഗമായി വനത്തിൽ പോയ ആദിവാസികൾ മാവോവാദികളെന്നു സംശയിക്കുന്ന സംഘത്തെ കണ്ടതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ജിഷ മാവോയിസ്റ്റു സംഘത്തിൽ ചേർന്നുവെന്ന പ്രചാരണം കണക്കിലെടുക്കാത്തവരും മക്കിമലയിലുണ്ട്. ജിഷയുടെ തിരോധാനം സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്ന അഭിപ്രായത്തിലാണ് ഇക്കൂട്ടർ.