കൊച്ചി: പെരുന്പാവൂരിലെ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ വാദം നടക്കുന്നതിനിടെ ജിഷയുടെ അമ്മ രാജേശ്വരി ഇടപെട്ടു. വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ ആരോപണങ്ങൾ ഉയർത്തിയതോടെയാണ് രാജേശ്വരി എതിർത്ത് ഇടപെടൽ നടത്തിയത്. ഇതേത്തുടർന്ന് പ്രോസിക്യൂഷൻ ഭാഗത്തെ പോലീസുകാർ ഇവരോട് സംസാരിക്കരുതെന്ന് നിർദേശം നൽകിയശേഷമാണ് തുടർവാദം നടന്നത്.
വാദം ഇന്നോടെ പൂർത്തിയാക്കാനാണ് പ്രതിഭാഗത്തിനു കോടതി സമയം അനുവദിച്ചിരിക്കുന്നത്. പൂർത്തിയായില്ലെങ്കിൽ കൂടുതൽ ദിവസം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെടും. ഇതിനുശേഷം കോടതി വിധി പറയുന്ന തീയതി പ്രഖ്യാപിക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് കേസിൽ വാദം തുടർന്നപ്പോഴും രാജേശ്വരി കോടതിയിലുണ്ടായിരുന്നു.