ശല്യക്കാരെ പിടിക്കാന്‍! 38,000 രൂപ മുടക്കി ജിഷയുടെ അമ്മ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു, അനാവശ്യ ചെലവിനെതിരേ സഹോദരി ദീപ രംഗത്ത്‌

Jisha

പെരുമ്പാവൂരില്‍ അന്യസംസ്ഥാനക്കാരനാല്‍ കൊല്ലപ്പെട്ട ജിഷ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ജിഷയുടെ മരണശേഷം സര്‍ക്കാരും ജനങ്ങളും നല്കിയ പണം ചെലവഴിച്ച് നിര്‍മിച്ച വീട്ടിലായിരുന്നു അമ്മ രാജേശ്വരിയും സഹോദരി ദീപയും താമസിച്ചിരുന്നത്. ഈ വീട്ടില്‍ വച്ച് ദീപയും രാജേശ്വരിയും തമ്മില്‍ സ്ഥിരം വഴക്കിലേര്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വാര്‍ത്ത പ്രചരിക്കുന്നത്. ശല്യക്കാരെ നേരിടാന്‍ രാജേശ്വരി വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീടിന്റെ നാലു മൂലകളിലും ഹാളിലുമാണ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. 38,000 രൂപ ഇതിനായി ചെലവിട്ടെന്നാണ് സൂചന. ജിഷ കൊല്ലപ്പെടുംമുമ്പ് വീടിനു മുന്നില്‍ ചിലര്‍ സ്ഥിരമായി എത്തിയിരുന്നെന്നും ഇവര്‍ വീണ്ടും വീടിനു ചുറ്റും കറങ്ങുന്നതായും രാജേശ്വരി പരാതിപ്പെട്ടിരുന്നു. ഇവരെ നേരിടാനും സ്വരക്ഷയ്ക്കുംവേണ്ടിയാണ് താന്‍ ക്യാമറ സ്ഥാപിച്ചതെന്നാണ് രാജേശ്വരി പറയുന്നത്. വീടിനു പുറത്തു ക്യാമറ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നാണ് ഇവര്‍ അടുപ്പക്കാരോട് വ്യക്തമാക്കിയിരിക്കുന്നത്. ജിഷയുടെ മരണശേഷം വീടിനു പോലീസ് കാവലുണ്ട്. സമീപത്തെ സ്‌റ്റേഷനുകളിലെ വനിതാ പോലീസുകാരാണ് കാവലിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, ക്യാമറ സ്ഥാപിച്ചതിനെതിരേ ജിഷയുടെ സഹോദരി ദീപ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. 38,000 രൂപ മുടക്കി അനാവശ്യ ദുര്‍ചെലവാണ് അമ്മ നടത്തിയിരിക്കുന്നതെന്നാണ് ദീപയുടെ നിലപാട്. ജിഷയുടെ മരണശേഷം രാജേശ്വരിയും ദീപയും തമ്മില്‍ വലിയ വഴക്കു നടന്നിരുന്നു. വഴക്ക് തീര്‍ക്കാനെത്തിയ പോലീസുകാരിക്ക് കസേര കൊണ്ട് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related posts