ജിഷ വധക്കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി മുതിര്‍ന്ന അഭിഭാഷകന് സി.പി. ഉദയഭാനുവിനെ പരിഗണിക്കാത്തതിനു പിന്നില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ മൃദുസമീപനമെന്നു സൂചന. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചതു സി.പി. ഉദയഭാനുവിനെയായിരുന്നു. ഈ നിര്‍ദേശം തള്ളിയതു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി പരിഗണിക്കപ്പെട്ടിരുന്ന മുതിര്‍ന്ന അഭിഭാഷകന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെയും ഇടപെടലിനെത്തുടര്‍ന്നാണെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും തര്‍ക്കങ്ങളിലും അഡ്വ. ഉദയഭാനു മാധ്യമങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിലുള്ള പകപോക്കലാണ് ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാത്തതിനു പിന്നിലെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രമാദമായ നിരവധി കേസുകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തി പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള അഭിഭാഷകനാണു സി.പി. ഉദയഭാനു.
ഇതൊക്കെ കണക്കിലെടുത്താണു ഡിജിപി ലോക്നാഥ് ബെഹ്റയും കേസിന്റെ അന്വേഷണച്ചുമതലയുള്ള ആലുവ റൂറല്‍ എസ്പി ഉണ്ണിരാജയും ഇദ്ദേഹത്തെയാണു കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച് ഉദയഭാനുവുമായി ചര്‍ച്ചകളും നടന്നിരുന്നു. ഇതിനുശേഷമാണു പുതിയ അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചത്. തൃശൂര്‍ സ്വദേശിയായ അഡ്വ. എം.കെ. ഉണ്ണികൃഷ്ണനാണു നിലവില്‍ ജിഷ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍. പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നതു സംബന്ധിച്ചു ഡിജിപി തന്നോടു സംസാരിച്ചിരുന്നെന്ന് അഡ്വ. സി.പി. ഉദയഭാനു പറഞ്ഞു. സംഭവം വിവാദമാക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.