കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് അവസാനഘട്ടത്തിലെത്തുമ്പോള്‍ ആരുമറിയാത്ത കഥകള്‍ പങ്കുവച്ച് ബന്ധുക്കള്‍. അതിദാരുണമായി കൊലചെയ്യപ്പെടുകയും നാട്ടുകാരും പൊതുസമൂഹവും ജിഷയ്ക്കു നീതിലഭിക്കാനായി നിലകൊള്ളുകയും ചെയ്തിട്ടും തങ്ങള്‍ ആഗ്രഹിച്ചതുപോലെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതിന്റെ ദുഖമാണ് ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്. മൃതദ്ദേഹം മറവ് ചെയ്യാന്‍ ആറടി മണ്ണ് ഇരന്നപ്പോള്‍ കൂടപ്പിറപ്പുകള്‍ തള്ളിപ്പറഞ്ഞത് പിതാവ് പാപ്പുവിന്റെ ഉള്ളിലെ കെട്ടടങ്ങാത്ത വേദനയായി ഇന്നും നിലനില്‍ക്കുന്നു.
ഒരു ദിവസത്തേക്ക് ഫ്രീസര്‍ വാടക നല്‍കാന്‍ പണമില്ലാതെ കണ്‍മുന്നിലുള്ള തുണിക്കെട്ടില്‍ വെള്ളപുതപ്പിച്ച് കണ്‍മുന്നില്‍ കിടത്തിയിട്ടുള്ള ജിഷയുടെ ജഡത്തെ നോക്കി പിതൃസഹോദരന്‍ അയ്യപ്പന്‍കുട്ടി മനസ്സാ’മാപ്പ’പേക്ഷിക്കുന്നത് കണ്ടത് ഒപ്പമുണ്ടായിരുന്ന ചിലര്‍ മാത്രം. ഒടുവില്‍ ചീഞ്ഞുനാറുന്നതിന് മുമ്പേ സംസ്‌കാരം നടത്താന്‍ ഇയാളും കൂട്ടരും നടത്തിയ നെട്ടോട്ടവും കഷ്ടപ്പാടും അടുത്തുനിന്ന് കണ്ടറിഞ്ഞവരും ചുരുക്കമാണ്. ഇതൊക്കെ ഇവരുടെ മനസില്‍ തീരാ വേദനയായി ബാക്കി നില്‍ക്കുന്നു. ഇതിലേക്കായി രാജേശ്വരിയെ പ്രവേശിപ്പിച്ചിരുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇവരുടെ സഹോദരന്‍ വാങ്ങി സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങള്‍ എടുത്തുമാറ്റിയത് സംസ്‌കാരം നടത്തി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നെന്നാണ് ബന്ധു വ്യക്തമാക്കിയത്.
പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുഗമിച്ചിരുന്നത് പിതാവിന്റെ സഹോദരന്‍ അയ്യപ്പന്‍ കുട്ടിയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹവുമായി നാട്ടിലേക്കുള്ള യാത്രക്കിടെ തന്റെ കയ്യില്‍ ഇനിയുള്ളത് ആകെ മുപ്പത് രൂപയെന്ന് ഇയാള്‍ വെളിപ്പെടുത്തി. മൃതദേഹം ഒരുദിവസം കൂടി സൂക്ഷിച്ചാലെ ചടങ്ങുകള്‍ നടത്താന്‍ കര്‍മ്മിയെ ലഭിക്കു എന്നതായിരുന്നു അപ്പോഴത്തെ സാഹചര്യം. ആറുമണിക്ക് ശേഷം മരണാനന്തര ചടങ്ങുകള്‍ക്കായി തങ്ങളുടെ മതവിഭാഗത്തിലെ കര്‍മ്മി എത്താറില്ലെന്നുള്ള അയ്യപ്പന്‍കുട്ടിയുടെയും കൂട്ടരുടെയും വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ഇനിയെന്തു വേണം എന്ന ആശങ്കയിലുമായി.
തുടര്‍ന്ന് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള പണംമുടക്കാന്‍ ആരും മുന്നോട്ടുവന്നില്ല.ഇതേത്തുടര്‍ന്നാണ് മൃതദ്ദേഹം ഉടന്‍ ദഹിപ്പിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കള്‍ എത്തിച്ചേര്‍ന്നത്. ഇതിനായി മൃതദ്ദേഹവുമായി അശമന്നൂര്‍ പഞ്ചായത്തിലെ മലമുറി പൊതുശ്മശാനത്തിലെത്തിയപ്പോള്‍ പൊലീസിന്റെ അനുമതി പത്രം ഉണ്ടെങ്കിലെ സംസ്‌കാരം നടത്തൂ എന്ന നടത്തിപ്പുകാരന്‍ വാശിപിടിക്കുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ നിലവിളിച്ചു പോയ സമയമായിരുന്നു അതെന്ന് എന്ന് ജിഷയുടെ സഹോദരി ദീപ പറയുന്നു. സഹോദരിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതില്‍ തനിക്കും മാതാവിനും ഇന്നും വിഷമമുണ്ടെന്നും അന്നത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യത്തിന്റെ കൂടി ശ്രമഫലമായി ഏഴാം ദിനത്തില്‍ മകനെക്കൊണ്ട് ആത്മശാന്തിക്കായി പൂജകള്‍ നടത്താനായത് മാത്രമാണ് അല്പമെങ്കിലും ആശ്വാസം പകരുന്നതെന്നും ദീപ പറഞ്ഞു.