ശ്രീജിത് കൃഷ്ണന്
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്ചിതമായി നീളുന്ന കേസ് നടപടികള്‍ക്കിടയില്‍ ഇരകള്‍ക്കു മാത്രം നീതി നിഷേധിക്കപ്പെടുന്നത് നിത്യസംഭവമാണ്.
പത്തുവര്‍ഷം മുമ്പ് കേരളത്തെ ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു കാസര്‍ഗോഡ് നീലേശ്വരത്തെ ജിഷ എന്ന യുവതിയുടെ കൊലപാതകം.
കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ വധക്കേസിന് നാലുവര്‍ഷം മുമ്പായിരുന്നു ഈ സംഭവം. ഒരേ പേരിനൊപ്പം രണ്ടു കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന സാദൃശ്യവും ഈ കേസുകള്‍ തമ്മിലുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികളെ മുന്‍നിര്‍ത്തി മറ്റാളുകളാണ് കൊലപാതകം നടത്തിയതെന്ന ആരോപണവും രണ്ടു കേസുകളിലും ഉയര്‍ന്നുവന്നിരുന്നു.
2012 ഫെബ്രുവരി 19ന് രാത്രി എട്ടോടെയാണ് നീലേശ്വരം അടുക്കത്തുപറമ്പിലുള്ള ഭര്‍ത്താവ് രാജേന്ദ്രന്റെ വീട്ടില്‍വച്ച് ഇരുപത്താറുകാരിയായ ജിഷ കൊലചെയ്യപ്പെടുന്നത്.
അടുക്കളയില്‍ പപ്പടം കാച്ചുകയായിരുന്ന ജിഷയെ വീട്ടുജോലിക്കാരനായിരുന്ന ഒഡിഷ സ്വദേശി മദന്‍ മാലിക് പ്രകോപനമൊന്നുമില്ലാതെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് കേസ്.
രാജേന്ദ്രന്റെ പിതാവും നീലേശ്വരത്തെ ആദ്യകാല കോണ്‍ട്രാക്ടറും ബസുടമയുമൊക്കെയായിരുന്ന കുഞ്ഞിക്കണ്ണന് നായര്‍ പ്രായാധിക്യം മൂലം കിടപ്പിലായിരുന്നു.
ഇദ്ദേഹത്തെ പരിചരിക്കുന്നതിനായാണ് മദന്‍ മാലിക്കിനെ നിയോഗിച്ചിരുന്നത്. ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്ന രാജേന്ദ്രനും ജിഷയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമേ ആയിരുന്നുള്ളൂ.
രാജേന്ദ്രന്റെ ജ്യേഷ്ഠന് ചന്ദ്രനും ഭാര്യ ശ്രീലേഖയും അവരുടെ രണ്ട് ചെറിയ കുട്ടികളുമാണ് ആ വീട്ടില്‍ താമസിച്ചിരുന്ന മറ്റുള്ളവര്‍. അച്ഛന്റെ ബിസിനസ് കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത് ചന്ദ്രനായിരുന്നു.
കൊലപ്പെടുത്തിയത് ആളു മാറിയോ…?
എന്തോ കാര്യത്തില്‍ അന്ന് ശ്രീലേഖ മദന്‍ മാലിക്കിനെ വഴക്കു പറഞ്ഞിരുന്നതായും അതിന്റെ ദേഷ്യത്തില്‍ ചന്ദ്രനില്ലാത്ത സമയത്ത് ശ്രീലേഖയെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരുന്ന മദന്‍ രാത്രിയില്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം ആളുമാറി ജിഷയെ കുത്തിവീഴ്ത്തി ഓടിമറയുകയായിരുന്നുവെന്നുമാണ് ആദ്യം പറഞ്ഞുകേട്ട കഥ.
ആളുകള്‍ ഓടിക്കൂടി ജിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മദന്‍ നടത്തിയ മോഷണശ്രമം ജിഷ കണ്ടതാണ് ആക്രമിക്കാന്‍ കാരണമായതെന്നും വീട്ടിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ കവര്‍ച്ച ചെയ്ത് നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു മദനന്റെ പദ്ധതിയെന്നും പിന്നീട് പറഞ്ഞുകേട്ടു.
ഓടിമറഞ്ഞ മദനുവേണ്ടി അന്നു രാത്രിയും പിന്നീടുള്ള രണ്ടു ദിവസവും പോലീസ് ചുറ്റുമുള്ള പ്രദേശങ്ങളും റെയില്‍വേ സ്റ്റേഷനുമുള്‍പ്പെടെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
രണ്ടാംദിവസം രാത്രി കൊല നടന്ന വീടിന്റെ രണ്ടാംനിലയില്‍ ഒളിച്ചിരുന്ന അവസ്ഥയില്‍ ഇയാളെ കണ്ടെത്തിയതാണ് കേസിലെ ആദ്യത്തെ ട്വിസ്റ്റ്.
പോലീസും നാട്ടുകാരും തെരയുന്പോഴും ഒളിച്ചിരുന്നത് വീട്ടിൽതന്നെ
പോലീസും നാട്ടുകാരുമെല്ലാം നാടുമുഴുവന്‍ അരിച്ചുപെറുക്കുമ്പോള്‍ സംഭവം നടന്ന വീട്ടില്‍തന്നെ രണ്ടുദിവസം ഒളിച്ചിരിക്കാന്‍ ഇയാള്‍ക്കെങ്ങനെ കഴിഞ്ഞുവെന്ന ചോദ്യമുയര്‍ന്നു.
ചന്ദ്രന്റെ വിശ്വസ്ത ജോലിക്കാരനായിരുന്ന മദന്‍ ഒളിച്ചിരിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് ചന്ദ്രന് തന്നെയാകാമെന്ന സംശയം പലര്‍ക്കുമുണ്ടായി.
എന്നാല്‍, പഴയ പകവെച്ച് ശ്രീലേഖയെ അപായപ്പെടുത്താനായി മദന്‍ തിരിച്ചുവന്നതാകാമെന്ന വാദമാണ് മറുവിഭാഗം ഉയര്‍ത്തിയത്.
മദന്‍ മാത്രമാണ് ഏക പ്രതിയെന്ന നിലയില്‍ പോലീസ് കേസന്വേഷണം അവസാനിപ്പിച്ചെങ്കിലും മറ്റു സംശയങ്ങള്‍ കൂടി അന്വേഷിക്കണമെന്ന് ജിഷയുടെ മാതാപിതാക്കളായ വെസ്റ്റ് എളേരി നര്‍ക്കിലക്കാട്ടെ പി.കെ. കുഞ്ഞികൃഷ്ണനും ശോഭനയും ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ച് ജിഷയുടെ നാട്ടില്‍ കര്‍മസമിതിയും രൂപീകരിച്ചു. എന്നാല്‍,ലോക്കല്‍ പോലീസ് വീണ്ടും ഒരുവട്ടവും അതുകഴിഞ്ഞ് ക്രൈംബ്രാഞ്ച് മൂന്നുവട്ടവും അന്വേഷണം നടത്തിയെങ്കിലും ആദ്യ നിഗമനങ്ങളില്‍ നിന്നും മുന്നോട്ടുപോയില്ല.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണനും ശോഭനയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ജയിലിൽ വച്ച് പ്രതിയുടെ വെളിപ്പെടുത്തൽ
കിടപ്പിലായിരുന്ന കുഞ്ഞിക്കണ്ണന് നായരും ജിഷയുടെ മരണം സംഭവിച്ച് ഒരു മാസത്തിനകം മരണത്തിന് കീഴടങ്ങിയിരുന്നു.
ഒഡിഷ കേന്ദ്രപ്പാറ മര്‍സഹായി സ്വദേശിയായ മദന്‍ മാലിക്കിനെ മാത്രം പ്രതിയാക്കിയും ചന്ദ്രനും ശ്രീലേഖയുമുള്പ്പെടെയുള്ളവരെ സാക്ഷികളാക്കിയുമാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍, കേസിന്റെ വിചാരണാവേളയില്‍ കഥ പിന്നെയും മാറി. ചന്ദ്രന്റെയും ശ്രീലേഖയുടെയും സാക്ഷിമൊഴികളില്‍ ഏറെ വൈരുധ്യങ്ങളുണ്ടെന്ന് വിചാരണക്കോടതി തന്നെ കണ്ടെത്തി.
ഇതോടൊപ്പം 50,000 രൂപ തരാമെന്ന് ബോസ് പറഞ്ഞതിനാലാണ് ജിഷയെ താന്‍ കുത്തിയതെന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍വച്ച് മദന്‍ പറഞ്ഞതായി അന്നത്തെ ജയില്‍ വാര്‍ഡനും സഹതടവുകാരനും വിചാരണക്കോടതിയില്‍ സാക്ഷിമൊഴി നല്കി.
ഇതോടെ ചന്ദ്രനേയും ശ്രീലേഖയേയും പ്രതിചേര്ക്കാവുന്നതാണെന്ന് ഗവണ്മെന്റ് പ്ലീഡര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് വിചാരണക്കോടതി അംഗീകരിച്ചതോടെ ഇരുവരും പ്രതികളായി.
ഈ നടപടി ചോദ്യം ചെയ്ത് ചന്ദ്രനും ശ്രീലേഖയും സംസ്ഥാനത്തെ തന്നെ മികച്ച ക്രിമിനല്‍ അഭിഭാഷകരിലൊരാളായ സി.കെ. ശ്രീധരന് മുഖേന ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണക്കോടതിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
ഇതിനെതിരെ ജിഷയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ തന്നെ റിവിഷന്‍ ഹര്‍ജി നല്കി. ഈ ഹര്‍ജിയില്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല.
ഹൈക്കോടതി കേസുകളില്‍ തട്ടി വിചാരണ നടപടികള്‍ അനിശ്ചിതമായി നീണ്ടുപോയതോടെ ആദ്യപ്രതിയായ മദന്‍ മാലിക്കിന് ജാമ്യവും കിട്ടി.
കൊല്ലപ്പെട്ട ദിവസം ജിഷ വിളിച്ചിരുന്നു…
കൊല്ലപ്പെട്ട ദിവസം വൈകുന്നേരം ആറോടെ താന്‍ ജിഷയെ വിളിച്ചിരുന്നതായി അമ്മ ശോഭന പറയുന്നു. കുറച്ചു കാര്യങ്ങള്‍ വിശദമായി പറയാനുണ്ടെന്നും രാത്രി വിളിക്കാമെന്നും ജിഷ പറഞ്ഞിരുന്നു. എന്നാല്‍, അന്ന് രാത്രി പതിനൊന്നോടെ ജിഷയുടെ മരണവാര്‍ത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്.
ജിഷയുടെ ഭര്‍തൃസഹോദരനായ ചന്ദ്രന് സംശയാസ്പദമായ പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
എംഎസ്സി ബിരുദധാരിയായിരുന്ന ജിഷയും അത്ര വലിയ വിദ്യാഭ്യാസയോഗ്യതയില്ലാത്ത ശ്രീലേഖയും തമ്മില്‍ ഈഗോ പ്രശ്നങ്ങളുണ്ടായിരുന്നു.
അച്ഛന്റെ പേരിലുള്ള സ്വത്തുക്കളും ഒരു ക്രഷറിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രനും ചന്ദ്രനും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.
അച്ഛന്റെ രോഗാവസ്ഥ പരിഗണിച്ച് രാജേന്ദ്രന് സ്ഥിരമായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.
ഇതോടെ സ്വത്തുക്കളുടെ നിയന്ത്രണവും വീട്ടിലും നാട്ടിലും ലഭിക്കുന്ന പ്രാധാന്യവും ഇല്ലാതാകുമെന്നും തങ്ങളേക്കാള്‍ സ്മാര്‍ട്ടായ ജിഷയും രാജേന്ദ്രനും എല്ലാം കൈയടക്കുമെന്നുമുള്ള ആശങ്കയും കേവലമായ അസൂയയും മൂലം മദനെ ഉപയോഗിച്ച് ജിഷയെ ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്നാണ് ജിഷയുടെ മാതാപിതാക്കളുടെ ആരോപണം.
ഡയറി താളുകൾ മുറിച്ചു മാറ്റി
ജിഷ എഴുതിയിരുന്ന പഴയ ഡയറിയില്‍നിന്നും 31 പേജുകള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയതും അതിനു ശേഷമുള്ള ഡയറി തന്നെ കാണാതായതും വാദിഭാഗം വിചാരണക്കോടതിയില്‍ എടുത്തുപറഞ്ഞിരുന്നു.
എന്നാല്‍, പണം വാരിയെറിഞ്ഞ് വലിയ അഭിഭാഷകരെവച്ച് വാദിച്ച് ഇതെല്ലാം ഹൈക്കോടതിയില്‍ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ജിഷയുടെ കുടുംബം പറയുന്നു.
ഇതിനെതിരായി തങ്ങള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി അനിശ്ചിതമായി നീണ്ടുപോവുകയുമാണ്. ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന് ഇതിനിടെ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.
വിദ്യാസമ്പന്നയും സാധാരണക്കാരിയുമായ ഒരു പെണ്‍കുട്ടിയുടെ ജീവിതം മാത്രമാണ് അകാലത്തില്‍ തല്ലിക്കെടുത്തപ്പെട്ടത്.
നീതി പിന്നെയും പിന്നെയും അകലുമ്പോഴും പ്രതീക്ഷ കൈവിടാതെ നിയമപോരാട്ടം തുടരുകയാണ് ജിഷയുടെ മാതാപിതാക്കള്‍.