ആലപ്പുഴ: കള്ളനോട്ടു കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍.
കേസിന്റെ വിവരങ്ങളറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാര്ജ്ജിച്ചിരിക്കുകയാണ്.
പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്ന സൂചനകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് എന്‍ഐ എ രംഗത്തെത്തുന്നത്.
സാധാരണ കളര്‍ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണു കള്ളനോട്ടായി വരുന്നത്. എന്നാല്‍, ഈ കേസില്‍ അച്ചടിച്ച നോട്ടുകളാണ്. ജിഷമോള്‍ക്കു നോട്ടുനല്കിയതെന്നുള്ളതാണ് അന്വേഷണ വഴിത്തിരിവിന് കാരണം.
കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ആലപ്പുഴ ഡിവൈഎസ്പി പ്രത്യേകാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.
കള്ളനോട്ടുകേസില്‍ എടത്വാ കൃഷി ഓഫീസര്‍ ഗുരുപുരം ജി.എം. മന്‍സിലില്‍ എം ജിഷമോള്‍ കഴിഞ്ഞദിവസം അറസ്റ്റിലായതിനു പിന്നാലെയാണ് നടകീയ നീങ്ങള്‍ക്ക് തുടക്കമായത്.
ഇപ്പോള്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലുള്ള ഇവരില്‍നിന്നു കിട്ടിയ വിവരം പോലീസ് എന്‍ഐഎക്കു കൈമാറുകയായിരുന്നു.
അറസ്റ്റിലായതിനു പിന്നാലെ പ്രതിയെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
ജിഷയില്‍ നിന്ന് പിടിച്ചെടുത്തത് സാധാ കള്ളനോട്ടാണെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ നോട്ടുകള്‍ വിദഗ്ധസംഘം പരിശോധിച്ചശേഷമാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.
500ന്റെ ഏഴുനോട്ടാണ് സ്വകാര്യ ബാങ്കിന്റെ ആലപ്പുഴ കോണ്‍വെന്റ് സ്ക്വയര്‍ ശാഖയില്‍ കിട്ടിയത്. ഈ.നോട്ടുകള്‍ അച്ചടിച്ചതാണെന്നു വ്യക്തമായതോടെയാണ് അന്വേഷണത്തില്‍ പുതിയ നീക്കങ്ങളുണ്ടായത്.
ജിഷമോള്‍ക്ക് നോട്ടുകള്‍ നല്കയത് സുഹൃത്തായ കളരിയാശാനാണെന്നു വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്ക് അന്താരാഷ്ട്ര കള്ളനോട്ടു സംഘവുമായി ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നു.
അതേസമയം ജിഷമോള്‍ പിടിയിലായതറിഞ്ഞതുമുതല്‍ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ കേരളം വിട്ടതായാണു സൂചന. ഏഴു ഫോണ്‍ നമ്പരുകളുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല.
കളരിയാശാന് ജിഷമോള്‍ക്ക് ഒരു ലക്ഷംരൂപ നല്‍കാനുണ്ടെന്ന സൂചനകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.ഇതിനിടെ കള്ളനോട്ട് ശൃംഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
വിദേശത്ത് അച്ചടിച്ച കള്ളനോട്ടുകള്‍ വിപണിയിലിറക്കാന്‍ ആലപ്പുഴയില്‍ അന്‍പതോളം പേരുണ്ടെന്നാണു സൂചന. ഇവര്‍ക്കാര്‍ക്കും പരസ്പരമറിയില്ല.
ഇവരുടെ കൈയില്‍ ഇടനിലക്കാര്‍ നോട്ടുകളെത്തിക്കും. ഇതിലൊരാളാണു ജിഷമോളുടെ സുഹൃത്തും യുവാവുമായ കളരിയാശാന്.
സിസി ടിവി ക്യാമറകളുള്ള കടകളിലും മറ്റും നോട്ടുകള്‍ നല്‍കരുത്, വഴിയരികിലെ മീന്‍, പച്ചക്കറി, പഴം, ലോട്ടറി വില്‍പ്പനക്കാര്‍ക്കു നല്കി മാറിയെടുക്കണം എന്നിങ്ങനെ കള്ളനോട്ടു മാറാന്‍ വ്യക്തമായ രൂപരേഖ ഈ സംഘം നല്‍കിയിട്ടുണ്ട്.
ബാങ്കിടപാടു പതിവില്ലാത്തവരാണ് ഇത്തരക്കാര്‍. ഇവര്‍ക്ക് കള്ളനോട്ടുകള്‍ നല്കിയാല് കൈമറിഞ്ഞു പോകുമെന്നാണ് സംഘം കരുതുന്നത്.