കൊച്ചി: പെരുന്പാവൂരിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകത്തിൽ ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം.
2016 ഏപ്രിൽ 28 ന് രാത്രി 8.30 ഓടെയാണ് ജിഷയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല നടന്ന കാലഘട്ടത്തിൽ മുഹമ്മദ് ഷാഫി പെരുന്പാവൂർ ഭാഗത്ത് താമസിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകൾക്ക് ഏറ്റ പീഡനത്തിന് സമാനമായ രീതിയിലാണ് ജിഷയ്ക്കും പീഡനമേറ്റത്.
ജിഷയുടെ വയറിലും കഴുത്തിലും സ്വകാര്യ ഭാഗത്തും ക്രൂരമായ മർദനമേറ്റത്തിന്റെ തെളിവുകൾ ഉണ്ടായിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പ്രകാരം ദേഹത്ത് 38 മുറിവുകളുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് കൊലപാതകത്തിൽ ഷാഫിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നത്. ജിഷ വധക്കേസിൽ ഷാഫിക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ആസാം സ്വദേശി അമീറുൽ ഇസ് ലാം ജയിലിലാണ്.
തെളിവെടുപ്പ് ഇന്നും തുടരും
ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. ഭഗവൽ സിംഗിനെയും ലൈലയെയും തെളിവെടുപ്പിനായി ഇളന്തൂരിലേക്ക് കൊണ്ടുപോയി.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ ഇലന്തൂരിലെ കടയിലും കയർ വാങ്ങിയ കടയിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. ഷാഫി മൊഴി നൽകിയ രണ്ടിടങ്ങളിൽ ഇന്ന് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.
ഷാഫിക്ക് നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ
മുഹമ്മദ് ഷാഫിക്കെതിരേ കൂടുതൽ സൈബർ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ശ്രീദേവി എന്ന എഫ്ബി അക്കൗണ്ടിനു പുറമെ സ്ത്രീകളുടെ പേരിൽ മൂന്ന് വ്യാജ എഫ്ബി അക്കൗണ്ടുകൾ കൂടി ഇയാൾക്ക് ഉണ്ടായിരുന്നതായാണ് സൈബർ പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ മൂന്നു പ്രതികളും വിദഗ്ധരായിരുന്നുവെന്ന് സിറ്റി പോലീസർ കമ്മീഷണർ പറഞ്ഞു.
ഷാഫിയുടെ സഹതടവുകാരിലേക്കും അന്വേഷണം
2020 ഓഗസ്റ്റിൽ ഷാഫി ജയിൽ ശിക്ഷ അനുഭവിച്ച കാലത്ത് ഇയാളുടെ സഹതടവുകാരായിരുന്നവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
പുത്തൻകുരിശിൽ എഴുപത്തിയഞ്ചുകാരിയെ മൃഗീയമായി പീഡിപ്പിച്ച കേസിലാണ് ഷാഫി അന്ന് ജയിൽ ശിക്ഷ അനുഭവിച്ചത്.
ഒരു വർഷം ജയിലിൽ കിടന്ന ഷാഫി കോവിഡ് കാലത്താണ് പുറത്തിറങ്ങിയത്. ആഭിചാര ക്രിയ, നരബലി എന്ന ആശയങ്ങളിലേക്ക് ഷാഫിയെ നയിച്ചതിൽ ജയിൽ വാസകാലം പ്രധാന ഘടകമായെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
ഇത്തരത്തിലുളള പൂജാവിധികളിലേർപ്പെട്ട് സ്ത്രീകളെ ദുരുപയോഗം ചെയ്തവരിൽ ചിലർ ഷാഫിയുടെ സുഹൃത്തുക്കളായുണ്ടെന്നാണ് വിവരം.
ഇവരും അന്വേഷണ പരിധിയിൽ ഉണ്ട്. ആഭിചാരക്രിയകളുടെയും ദുർമന്ത്രവാദത്തിന്റെ പേരിൽ നേരത്തെ പിടിയിലായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.