തൃശൂർ: തിരുവില്വാമല പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കോളജിലെ വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിലുള്ള രക്തമാണെന്ന് ഫോറൻസിക് അധികൃതർ സ്ഥിരീകരിച്ചു. ഈ രക്തക്കറ ജിഷ്ണുവിന്റേതു തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് അന്വേഷണസംഘം ജിഷ്ണുവിന്റെ മാതാപിതാക്കളോട് ഡിഎൻഎ ടെസ്റ്റിന് വിധേയമാകാൻ നിർദ്ദേശിച്ചു.
ഡിഎൻഎ ടെസ്റ്റ് നടത്തുന്നത് നാദാപുരത്ത് താലൂക്ക് ആശുപത്രിയിലാണ്. ഇതിന്റെ ഭാഗമായി അന്വേഷണസംഘം നാദാപുരത്തേക്ക് തിരിച്ചു. ഉച്ചയോടെ ഇവർ നാദാപുരത്ത് എത്തും. അതിനു ശേഷമായിരിക്കും തുടർനടപടികൾ.
കോളജിലെ പിആർഒയുടെ മുറി, ശൗചാലയം എന്നിവിടങ്ങളിൽ നിന്നാണ് രക്തക്കറ അന്വേഷണസംഘം കണ്ടെത്തിയത്.
തുടർന്ന് ഇത് തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിന് പരിശോധനക്ക് നൽകുകയായിരുന്നു. ഇതിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ഫോറൻസിക് അധികൃതർ അന്വേഷണസംഘത്തിന് കൈമാറിയിരിക്കുന്നത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കും രക്തക്കറ ജിഷ്ണുവിന്റേതു തന്നെയാണെന്ന് സ്ഥിരീകരിക്കാനുമാണ് മാതാപിതാക്കളുടെ രക്തസാന്പിളുകൾ പരിശോധിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോളജിലെ ഇടിമുറിയിൽ നിന്നും മറ്റുമായി കണ്ടെത്തിയ രക്തക്കറ ഒ പോസിറ്റീവ് ഗ്രൂപ്പിലുള്ളതാണ്. ജിഷ്ണുവിന്റേതും ഇതേ ഗ്രൂപ്പാണ്.
ജിഷ്ണു മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടുവെന്ന ബന്ധുക്കളുടെ ആരോപണത്തിന് ശക്തിപകരുന്നതാണ് ഫോറൻസിക് പരിശോധന ഫലം. രക്തക്കറ ജിഷ്ണുവിന്റേതാണെന്ന് തെളിഞ്ഞാൽ കേസിൽ അത് നിർണായക തെളിവാകുമെന്ന് അന്വേഷണസംഘം കരുതുന്നു.
ജിഷ്ണു മരിച്ച ദിവസത്തേയും തൊട്ടടുത്ത ദിവസത്തേയും ദൃശ്യങ്ങൾ കോളജിലെ സിസിടിവിയിൽ നിന്നും കാണാതായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സിസിടിവിയുടെ ഹാർഡ് ഡിസ്ക് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. തൃശൂർ മെഡിക്കൽ കോളജിലാണ് ഫോറൻസിക് പരിശോധന നടത്തിയത്.