നാദാപുരം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാരം മൂന്നു ദിവസം പിന്നിട്ടു. അവശയായ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാനുളള പോലീസ് ശ്രമം വിജയിച്ചില്ല. ഡ്രിപ്പ് നൽകിയാണ് അവിഷ്ണയുടെ ജീവൻ നിലനിർത്തുന്നത്. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനങ്ങൾക്ക് തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിലയിരുത്തി.
കുട്ടി ജലപാനം ഉപേക്ഷിച്ചാണ് വീട്ടിൽ സമരം നടത്തുന്നത്. പിന്തുണയായി നാട്ടുകാരും ബന്ധുക്കളും നിരാഹാരം നടത്തി. വൈകുന്നേരം റൂറൽ എസ്പി എം.കെ. പുഷ്കരൻ, എഡിഎം ജനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അവിഷ്ണയുടെ ബന്ധുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി ഉത്തരമേഖലാ എഡിജിപി വീട്ടിലെത്തിയെങ്കിലും ആശുപത്രിയിലേക്ക് മാറാൻ സമ്മതിച്ചി ല്ല.
രാത്രി വൈകിയും വൻ പോലീസ് സന്നാഹം വീടിനടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള ആംബുലൻസും ഒരുക്കി നിർത്തിയിട്ടുണ്ട്.വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് കെ.സി. സോമൻ, മെഡിസിൻ വിഭാഗം അസി. പ്രഫ. ലക്ഷ്മി എന്നിവരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘം എത്തി പരിശോധന നടത്തി.
മഹിജയെ ഐസിയുവിലേക്കു മാറ്റി
തിരുവനന്തപുരം: മരുന്നും വെള്ളവും ഡ്രിപ്പും ഉപേക്ഷിച്ചു സമരം നടത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ ആരോഗ്യനില മോശമായതിനെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. മരുന്നും വെള്ളവും വരെ ഉപേക്ഷിച്ചാണ് അമ്മാവൻ ശ്രീജിത്തും നിരാഹാര സമരം നടത്തുന്നത്.
നിരാഹാരം അനുഷ്ഠിക്കുന്ന മഹിജ ജ്യൂസ് ഉൾപ്പെടെ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പത്രക്കുറിപ്പ് ഇറക്കിയതോടെയാണു വെള്ളവും മരുന്നും വരെ ഉപേക്ഷിച്ചു നിരാഹാര സമരം നടത്താൻ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെ ഡ്രിപ്പ് വഴി മരുന്ന് സ്വീകരിക്കാനും അവർ വിസമ്മതിച്ചു. തുടർന്നു വൈകുന്നേരത്തോടെ ആരോഗ്യനില മോശമാകുകയായിരുന്നു. തുടർന്നാണ് ഐസിയുവിലേക്കു മാറ്റിയത്. മഹിജയും കുടുംബാംഗങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തുന്ന നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലെത്തി. നിരാഹാര സമരം നടത്തുന്നവരെ മോശമായി ചിത്രീകരിക്കാനാണു ഭക്ഷണം കഴിക്കുന്നുവെന്നു സർക്കാർ ഒൗദ്യോഗികമായി പത്രക്കുറിപ്പിറക്കുന്നതെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം.
അതേസമയം, ജിഷ്ണു കേസിലെ നടപടികളെ ന്യായീകരിച്ചു കൊണ്ടു സർക്കാർ നൽകിയ പരസ്യത്തിനെതിരേ ജിഷ്ണുവിന്റെ ബന്ധുക്കളും പ്രതിപക്ഷവും രംഗത്തെത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണു പരസ്യത്തിലുള്ളതെന്നു ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു.
ജിഷ്ണു കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും തങ്ങളെ കൈയേറ്റം ചെയ്ത മ്യൂസിയം എസ്ഐ സുനിൽ, അസിസ്റ്റന്റ് കമ്മീഷണർ കെ.ഇ. ബൈജു എന്നിവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണു സമരം. നിരാഹാരസമരത്തിൽനിന്നു പിന്തിരിപ്പിക്കാൻ പാർട്ടിതലത്തിൽ നിന്നടക്കം സമ്മർദം ഉണ്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്മാറില്ലെന്ന് അവർ ആവർത്തിച്ചു.
ജിഷ്ണുകേസ്, പ്രചാരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടോടെ ഇന്നലെ മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകി. പരസ്യത്തിൽ പറയുന്നതു പോലെ വടകരയിൽനിന്ന് ആറുപേരല്ല ഡിജിപിയെ കാണാനെത്തിയതെന്നു ശ്രീജിത്ത് പറഞ്ഞു.